Site iconSite icon Janayugom Online

സിബിഐയുടെ ജനവിശ്വാസം നഷ്ടമായി; മദ്രാസ് ഹൈക്കോടതി

പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരിൽ വ്യാപകമായ പൊതുജന വിമർശനം നേരിടുന്ന അവസ്ഥയിലേക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പ്രവർത്തന സംസ്കാരം അധഃപതിച്ചുവെന്ന് മദ്രാസ് ഹൈക്കോടതി. സിബിഐയിലുള്ള പൊതുജനവിശ്വാസം നഷ്ടമായെന്നും സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തിരുനെൽവേലിയിലെ ബാങ്കിൽ ചീഫ് മാനേജരും ജീവനക്കാരും ചേർന്ന് രണ്ടു കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ആകാശത്തോളം അധികാരങ്ങളുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ മനോഭാവം. ആർക്കും തങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും വിചാരിക്കുന്നു. സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നതിനാല്‍ പല കേസിലും മുതിർന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്ന ശബ്ദസന്ദേശം കോടതിയുടെ മുന്നിലെത്തിയിരുന്നു. 

സിബിഐയിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി ജസ്റ്റിസ് കെ കെ രാമകൃഷ്ണന്റെ ബെഞ്ച് നാല് നിർദേശങ്ങൾ പുറപ്പെടുവിച്ചു. എഫ്‌ഐആറുകളിലും അന്തിമ റിപ്പോർട്ടുകളിലും കൃത്യമായി പ്രതികളെ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കാനും തെളിവുകൾ ശേഖരിക്കുന്നതും ഒഴിവാക്കുന്നതും നിരീക്ഷിക്കാനും സിബിഐ ഡയറക്ടർ നേരിട്ട് അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കണം. നിയമ തത്വങ്ങളിൽ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകുന്നതിനും വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തടയുന്നതിനും ഏജൻസിക്കുള്ളിൽ ഒരു നിയമ സംഘം വേണം. ഉദ്യോഗസ്ഥരെ ശാസ്ത്രീയമായി സജ്ജരാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് നിര്‍ദേശം നല്‍കി.

Exit mobile version