Site icon Janayugom Online

ഐഎസ്ആർഒ ചാരക്കേസ് പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യവും റദ്ദാക്കണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി. ആർ ബി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ ആരോപിച്ചിട്ടുണ്ട്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കും. പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകില്ല എന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വിഎസ്എസ് സിയിൽ കമാൻഡന്റ് ആയിരുന്ന കാലഘട്ടം മുതൽ ആർ ബി ശ്രീകുമാറിന് തന്നെ അറിയാമായിരുന്നു എന്ന് നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. അടുത്ത ഒരു ബന്ധുവിന് ജോലി നൽകണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാൽ തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നും മൊഴി നൽകിയിട്ടുണ്ട്. ശ്രീകുമാർ ഭീഷണി പെടുത്തിയിരുന്നതായും സിബിഐ ഡി വൈ എസ് പി സുനിൽ സിങ് റാവത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തോട് നമ്പി നാരായൺ പറഞ്ഞിരുന്നു. ഈ ആരോപണം തെളിയിക്കാൻ ശ്രീകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐ യുടെ നിലപാട്. ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ് വിജയൻ ഒന്നാം പ്രതിയും, തമ്പി എസ് ദുർഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. 

ENGLISH SUMMARY:CBI seeks can­cel­la­tion of antic­i­pa­to­ry bail of ISRO spy case accused

You may also like this video

Exit mobile version