സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയത്തിൽ വലിയ മാറ്റം വരുന്നു. ഈ വർഷം മുതൽ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകൾ ‘ഓൺ‑സ്‌ക്രീൻ മാർക്കിംഗ്’ രീതിയിലൂടെയാകും വിലയിരുത്തുകയെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സംയം ഭരദ്വാജ് അറിയിച്ചു. എന്നാൽ പത്താം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം നിലവിലുള്ള രീതിയിൽ തന്നെ തുടരും. മൂല്യനിർണ്ണയ പ്രക്രിയയിലെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും മനുഷ്യസഹജമായ പിഴവുകൾ ഒഴിവാക്കുന്നതിനുമാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
ഈ മാറ്റത്തിലൂടെ മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന തെറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനും ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാനും സാധിക്കും. അധ്യാപകർക്ക് സ്കൂളുകളിൽ ഇരുന്നുതന്നെ മൂല്യനിർണ്ണയത്തിൽ പങ്കുചേരാമെന്നതിനാൽ അവരുടെ ദൈനംദിന ജോലികളെ ഇത് ബാധിക്കില്ല. കൂടാതെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് വെരിഫിക്കേഷൻ നടപടികളുടെ ആവശ്യകതയും ഇതോടെ കുറയും. വിദേശത്തുള്ളവ ഉൾപ്പെടെ എല്ലാ സിബിഎസ്ഇ സ്കൂളുകൾക്കും ഈ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമുണ്ടാകുമെന്ന് ബോർഡ് അറിയിച്ചു.
പുതിയ സംവിധാനത്തിനായി സ്കൂളുകൾ കമ്പ്യൂട്ടർ ലാബുകൾ, വേഗതയേറിയ ഇന്റർനെറ്റ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി എന്നിവ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. അധ്യാപകരുടെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അത്തരം സ്കൂളുകളുടെ ഫലം തടഞ്ഞുവെക്കുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ എഴുതുന്നത്.

