Site iconSite icon Janayugom Online

പൊലീസ് സ്റ്റേഷനുകളിൽ സിസി ടിവി; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

പൊലീസ് സ്റ്റേഷനുകളിൽ സിസി ടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകി. ഈ സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. രാജ്യത്ത് എട്ട് മാസത്തിനിടെ 11 കസ്റ്റഡി മരണം ഉണ്ടായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പൊലീസ് സ്റ്റേഷനുകളിൽ സിസി ടിവി സ്ഥാപിക്കണമെന്ന നിർദേശം നൽകിയത്. നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് മറുപടി നൽകിയതെന്ന് വിഷയത്തിൽ അമിക്കസ് ക്യുറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചു. ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ട് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡി മരണങ്ങള്‍ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും സുപ്രീം കോടതി ഉത്തരവിനെ കേന്ദ്രസര്‍ക്കാര്‍ നിസാരമായി കാണുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. ഡിസംബർ 16ന് വിഷയം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

2020 ഡിസംബറിൽ പരംവീർ സിങ് സൈനി വേഴ്സസ് ബൽജിത് സിങ് കേസിൽ സംസ്ഥാന‑കേന്ദ്രഭരണപ്രദേശ സർക്കാരുകള്‍ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ചകള്‍ ഉള്‍പ്പെടെ ലഭിക്കുന്ന സിസി ടിവി കാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), റവന്യു ഇന്റലിജൻസ് വകുപ്പ് (ഡിആർഐ), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) എന്നിവയുടെയും പ്രതികളെ ചോദ്യം ചെയ്യുന്ന മറ്റ് കേന്ദ്ര ഏജൻസികളുടെ ഓഫിസുകളിലും സിസി ടിവി കാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. കസ്റ്റഡി അതിക്രമ, മനുഷ്യാവകാശ ലംഘന പരാതികളുണ്ടായാല്‍ കേസിന് ആവശ്യമായ ദൃശ്യങ്ങള്‍ ഇരകള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
CCTV in police sta­tions; Supreme Court crit­i­cizes cen­tral and state governments

Exit mobile version