Site iconSite icon Janayugom Online

സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

സെെനിക- അര്‍ധസെെ­നിക വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറില്‍ സെെന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) ഒപ്പിട്ടത്. ചര്‍ച്ചകള്‍ക്കുശേഷം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന ആദ്യ സന്ധിയാണിത്. സുഡാനില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കാവശ്യമായ മാനുഷിക സഹായമെത്തിക്കാനും ധാരണയായിട്ടുണ്ട്. സുഡാന്‍ ജനതയുടെ സംരക്ഷണവും സുരക്ഷിതത്വവും സുപ്രധാനമാണെന്ന് കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇരുവരും അംഗീകരിച്ചിരുന്നു.
സമാധാന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനും വിദേശ പൗരന്മാര്‍ക്ക് സുഡാന്‍ വിടാനുള്ള സുരക്ഷിതപാത ഒരുക്കുന്നതിനുമായാണ് വെടിനിര്‍ത്തല്‍. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഇതോടൊപ്പം കൂട്ടപ്പലായനം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ വെടിനിർത്തൽ പ്രഖ്യാപനം. എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നായിരുന്നു അ­ന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും സുഡാന്‍ സൈന്യം തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വ്യോമാക്രമണം നടത്തി. ഫോഴ്സ് ഫോര്‍ ഫ്രീഡം ആന്റ് ചേഞ്ച് സിവിലയന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍എസ്എഫ് പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സെെനിക മേധാവിയായ ജനറല്‍ അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍എസ്എഫ് അവകാശപ്പെടുന്നുണ്ട്.

റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ മൊബൈല്‍ യൂണിറ്റുകളെ ലക്ഷ്യമിട്ട് സൈന്യം കഴിഞ്ഞ ദിവസം വൈകുന്നേരവും വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 15 മുതല്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് പൗരന്മാരടക്കം എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്

സുഡാനില്‍ സെെന്യവും അര്‍ധസെെനിക വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. നെെലയിലെ ആക്ടിവിസ്റ്റിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിച്ചവരാണ് ബലാത്സംഗം ചെയ്തതെന്നാണ് അതിജീവിതരുടെ മൊഴി.

14 നും 56 വയസിനുമിടയില്‍ പ്രായമുള്ള 24 സ്ത്രീകളാണ് പീഡനത്തിനിരയായിട്ടുള്ളത്. അല്‍ദമാന്‍ ഹോട്ടലിലും സമീപ പ്രദേശത്തു നിന്നും സ്ത്രീകളെ രക്ഷപ്പെടുത്താന്‍ വന്നവരാണ് പീഡിപ്പിച്ചത്. കുറച്ച് പേര്‍ക്ക് അവരില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് മൂന്ന് ദിവസം അവിടെ തങ്ങേണ്ടി വന്നു. അതില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടിയെ മാരകമായി ഉപദ്രവിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്തതിന് ശേഷം ഒരു പ്രാഥമിക ക്ലിനിക്കില്‍ നിന്ന് 18 പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇഞ്ചക്ഷന്‍, ആന്റിബയോട്ടിക്സ്, പനാഡോള്‍, എന്നിവ നല്‍കിയതായും ഒരു സാമൂഹ്യപ്രവര്‍ത്തകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Summary;Ceasefire in Sudan

You may also like this video

Exit mobile version