ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മുൻഗണന നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ മുഖ്യപ്രഭാഷണം നടത്തി. വാദ്യോപകരണ സംഗീത മികവിനുള്ള പുരസ്കാരത്തിന് അർഹനായ ഹർഷിത്ത് കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു. ഭിന്നശേഷി സൗഹൃദ ആലപ്പുഴ കർമ്മ പദ്ധതി രൂപീകരണ ശിൽപശാലയിൽ എം ജി സർവകലാശാലാ ബിഹേവിയറൽ സയൻസ് വിഭാഗം ഡയറക്ടർ ഡോ. പി ടി ബാബുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ് സത്യപ്രകാശ് എന്നിവർ വിഷയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് മോഡറേറ്ററായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ റിയാസ്, ഗീത ബാബു, നടൻ ചോട്ടാ വിപിൻ, എം എൻ ദീപു, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.