Site iconSite icon Janayugom Online

സമൂഹമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ്; 130 ഉള്ളടക്കം നീക്കണമെന്ന് കേന്ദ്രം

സമൂഹ മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ട് സെന്‍സര്‍ഷിപ്പുമായി കേന്ദ്രസര്‍ക്കാര്‍. 130 ഉള്ളടക്കങ്ങള്‍ നീക്കാന്‍ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. 2024 ഒക്ടോബര്‍ മുതല്‍ 25 ഏപ്രില്‍ എട്ടുവരെയുള്ള തീയതികളിലാണ് ഗൂഗിള്‍, യുട്യൂബ്, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഉള്ളടക്ക നിരോധന നോട്ടീസയച്ചത്. 2000ലെ ഐടി ആക്ടിലെ 69 (എ) വകുപ്പ് പ്രകാരമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസയച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററില്‍ (14സി ) രജിസ്റ്റര്‍ ചെയ്ത സഹയോഗ് പോര്‍ട്ടല്‍ വഴിയാണ് നടപടി. ആക്ടിലെ സെക്ഷന്‍ 79 (3) ബി അനുസരിച്ചുള്ള സെന്‍സര്‍ഷിപ്പ് നിയമപ്രകാരമാണ് സമൂഹമാധ്യമ സൈറ്റുകള്‍ക്ക് നോട്ടീസയച്ചത്. എന്നാല്‍ സഹയോഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇലോണ്‍ മസ്കിന്റെ എക്സിന് നോട്ടീസയച്ചിട്ടില്ല. 

സെന്‍സര്‍ഷിപ്പ് നടപടിക്കെതിരെ എക്സ് നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യം തടയുന്നതിന് എക്സിന് ആഭ്യന്തര സംവിധാനം ഉണ്ടെന്നും എക്സ് കോടതിയെ ബോധിപ്പിച്ചിരുന്നു. ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, പ്രത്യേക സാഹചര്യങ്ങളില്‍ വിവരങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ഉത്തരവ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 69 എയുടെ നിയമപരമായ ബാധ്യതക്ക് പുറത്താണ് എക്സ് എന്നും പോര്‍ട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഏതാനും മാസം മുമ്പ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്ന് ഇന്ത്യക്കാരെ ചങ്ങലയില്‍ ബന്ധിച്ച് നാടുകടത്തിയ വിഷയത്തില്‍ തമിഴ് മാധ്യമം മോഡിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വെബ്സൈറ്റ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

Exit mobile version