Site iconSite icon Janayugom Online

സെന്‍സസ് കണക്കെടുപ്പല്ല ജനാവകാശമാണ്

popularpopular

രാജ്യത്തിന്റെ ജനസംഖ്യാ കണക്കെടുപ്പ് വീണ്ടും മാറ്റിയിരിക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെൻസസ് ഒഴിവാക്കാൻ തീരുമാനിച്ചതായി അഡീഷണൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളെയും അറിയിക്കുകയായിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറിന് ശേഷമാകും സെന്‍സസെടുക്കുക. 2021ല്‍ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരി മൂലമായിരുന്നു ആദ്യം മാറ്റിവച്ചത്. ഇപ്പോഴിത് ഒമ്പതാം തവണയാണ് മാറ്റം. സെന്‍സസ് നടക്കാതിരിക്കുക എന്നത് മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയാവശ്യമാണ്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍. ബിഹാറിലെ ജാതിസെന്‍സിനു ശേഷം ദേശീയതലത്തില്‍ അത്തരം കണക്കെടുപ്പ് വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയും, അധികാരത്തിലെത്തിയാല്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് ഇന്ത്യ മുന്നണി വ്യക്തമാക്കുകയും ചെയ്തിരിക്കേ ബിജെപി തീര്‍ത്തും ആശയക്കുഴപ്പത്തിലായിരുന്നു. തങ്ങളുടെ സവര്‍ണഹിന്ദുത്വ അജണ്ടയെ പൊളിച്ചെഴുതുന്നതാണ് ജാതിസമവാക്യങ്ങളെന്ന് ബിഹാര്‍ തെളിയിച്ചതോടെ സെന്‍സസിനെ സംഘ്പരിവാര്‍ ഭരണകൂടം കൂടുതല്‍ ഭയന്നുതുടങ്ങി. ഇപ്പോഴും സെൻസസ് മാറ്റിവയ്ക്കുന്നുവെന്നല്ലാതെ, കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ജില്ലകൾ, താലൂക്കുകൾ, പട്ടണങ്ങൾ, മുനിസിപ്പൽ പ്രദേശങ്ങള്‍ എന്നിവയുടെ അതിർത്തി പുനര്‍നിര്‍ണയം 2024 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഇതിലൂടെ ലോക്‌സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവയ്ക്കുകയും ചെയ്ത 33 ശതമാനം സ്ത്രീ സംവരണം ഈ തെരഞ്ഞെടുപ്പില്‍ പ്രാബല്യത്തിൽ വരില്ലെന്ന് ഉറപ്പായി. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കണമെങ്കില്‍ സെന്‍സസ് പൂര്‍ത്തിയാകേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:  ജാതി സെന്‍സസ് പുറത്തു വിട്ട് ബീഹാര്‍ സര്‍ക്കാര്‍


സെൻസസും മണ്ഡല പുനര്‍നിർണയവും പൊതുതെരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് സെപ്റ്റംബർ 20ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിലും പറഞ്ഞിരുന്നു. തീയതിയെക്കുറിച്ചോ വർഷത്തെക്കുറിച്ചോ വ്യക്തമായ പരാമർശം അദ്ദേഹം നടത്തിയില്ല. ഇത് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയത്തിനിട നല്‍കുന്നതാണ്. 2024വരെ സെൻസസ് വൈകിപ്പിക്കാൻ കേന്ദ്രം വ്യഗ്രത കാണിക്കുന്നതിന്റെ പ്രധാന കാരണം ജാതി കണക്കെടുപ്പിനായുള്ള മുറവിളി തന്നെയാണ്. ഇത് അവര്‍ ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുന്ന വിഷയമാണ്. 2021ലെ സെന്‍സസിന് മുന്നോടിയായി വീടുകളുടെ എണ്ണവും തരംതിരിവുമുള്‍പ്പെടെ 31 ചോദ്യങ്ങൾ ഉൾപ്പെടുന്ന ആദ്യഘട്ടവിജ്ഞാപനം 2020 ജനുവരി ഒമ്പതിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനുവേണ്ടി 28 ചോദ്യങ്ങളും അന്തിമമാക്കിയതാണ്. മുന്നൊരുക്കങ്ങള്‍ ഇത്രയും നടത്തിയിട്ടും കോവിഡിന്റെ പേരില്‍ ആദ്യം മാറ്റേണ്ടിവന്ന സെന്‍സസ് വീണ്ടുംവീണ്ടും നീട്ടുന്നത് സര്‍ക്കാരിന്റെ നിക്ഷിപ്തതാല്പര്യത്തിന്റെ തെളിവാണ്. സെന്‍സസിനൊപ്പം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന തീരുമാനം അന്ന് ഏറെ വിവാദമായതാണ്. എന്‍ആര്‍സി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ബിജെപി സംസ്ഥാനങ്ങളില്‍ പുരോഗമിക്കുമ്പോഴാണ് കോവിഡ് വ്യാപനം ആരംഭിച്ചതും സെന്‍സസ് പ്രക്രിയ നീട്ടിയതും.


ഇതുകൂടി വായിക്കൂ:   സെന്‍സസ് നടത്താത്ത ഇന്ത്യ ഒന്നാമതായതെങ്ങനെ?


സെന്‍സസ് എന്നത് കേവലം കണക്കെടുപ്പല്ല. ആസൂത്രണത്തിനും വികസനത്തിനും നിർണായകമായ ജനസംഖ്യാ വിവരങ്ങൾ സെൻസസ് നല്‍കുന്നു. സൂക്ഷ്മതലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ അമൂല്യമായ ഡാറ്റ ഇത് ലഭ്യമാക്കും. ഇതിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പൊതുവിതരണ സമ്പ്രദായത്തില്‍(പിഡിഎസ്) പാവപ്പെട്ടവർക്കുള്ള ഭക്ഷ്യധാന്യമുള്‍പ്പെടെ വിതരണം ചെയ്യുന്നത്. കണക്കെടുപ്പ് വൈകുന്നതു കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിഹിതവും പദ്ധതിപ്രഖ്യാപനവും പഴയ കണക്കുകള്‍ വച്ചുതന്നെയാകും തുടരുക. ഇത് കോടിക്കണക്കിന് പാവങ്ങളെ സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് പുറത്താക്കും. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലും അര്‍ഹമായ വര്‍ധനയുണ്ടാകില്ല. പുതിയ കണക്കുകള്‍ തയ്യാറായാല്‍ പോലും ജനസംഖ്യയനുസരിച്ച് ഫണ്ടുകളും പദ്ധതികളും തീരുമാനിക്കുന്നതിന് രണ്ടുവര്‍ഷത്തോളമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതുകൊണ്ട് 2024ല്‍ തുടങ്ങിയാലും പൂര്‍ത്തിയാകാന്‍ 2026 ആകും. 2011ലെ സെന്‍സസനുസരിച്ച് രാജ്യത്തെ ജനസംഖ്യ 121 കോടിയായിരുന്നു. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശും (19,98,12,341) ഏറ്റവും കുറവ് സിക്കിമും (610,577) ആയിരുന്നു. കേരളത്തിന്റെ ജനസംഖ്യ 33,406,061 അഥവാ 2.76 ശതമാനവും. എന്നാല്‍ 2023 പകുതിയോടെ ഇന്ത്യന്‍ ജനസംഖ്യ 142.86 കോടിയിൽ എത്തുമെന്ന് യുഎന്‍ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും സംസ്ഥാനങ്ങളിലും വര്‍ധന. ഇതൊന്നും പരിഗണിക്കാതെ രാഷ്ട്രീയലക്ഷ്യം മാത്രം വച്ച് സെന്‍സസ് വെെകിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ജനവഞ്ചനയാണ്. ക്ഷേമപദ്ധതികളിൽ നിന്ന് ആളുകള്‍ ഒഴിവാക്കപ്പെടുകയും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഭവവിഹിതം ലഭ്യമാക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സെന്‍സസ് നീട്ടുന്നതിന്റെ അനന്തരഫലം.

Exit mobile version