Site iconSite icon Janayugom Online

ബഫർസോൺ : കേരള നിലപാട് അംഗീകരിച്ച് കേന്ദ്രം ; സുപ്രീംകോടതിയിൽ സംസ്ഥാനം ഭേദഗതി ഹർജി സമർപ്പിക്കും

സുപ്രീംകോടതിയുടെ ബഫർസോൺ വിധിയിൽനിന്ന്‌ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും ഒഴിവാക്കണമെന്ന കേരളത്തിന്റെ നിലപാട്‌ കേന്ദ്ര സർക്കാർ അംഗീകരിച്ചു. സംസ്ഥാനത്തിന്റെ നിലപാട്‌ പൂർണമായും ശരിയാണെന്ന്‌ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്‌ പ്രതികരിച്ചെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർവരെ പരിസ്ഥിതിലോല മേഖലയെന്ന വിധിയിൽ ഇളവുതേടി സംസ്ഥാനം സുപ്രീംകോടതിയിൽ ഭേദഗതി ഹർജി സമർപ്പിക്കും.

തിങ്കളാഴ്‌ച ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.സുപ്രീംകോടതിയിൽ കേന്ദ്രം അനുകൂല നിലപാട്‌ സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം എ കെ ശശീന്ദ്രൻ പറഞ്ഞു. നിർദിഷ്ട പരിസ്ഥിതിലോല മേഖലകളിൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന നിവേദനം കേന്ദ്രമന്ത്രിക്ക്‌ കൈമാറി. കേരളത്തിലെ 22 ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിസരങ്ങളിലുള്ള ജനവാസകേന്ദ്രങ്ങളുടെയും കൃഷിഭൂമികളുടെയും ഭൂപടങ്ങൾ ഉൾപ്പെടെ വിശദമായ റിപ്പോർട്ടും കൈമാറി.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള എല്ലാ ഇടപെടലും സംസ്ഥാനം സ്വീകരിക്കും– അദ്ദേഹം പറഞ്ഞു.വനം, വന്യജീവി വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, പ്രിൻസിപ്പൽ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ ആൻഡ്‌ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡൻ ഗംഗാസിങ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഭൂപേന്ദർ യാദവ്‌ ട്വീറ്റുചെയ്തു.

Eng­lish Summary:Buffer zone: Cen­ter accepts Ker­ala posi­tion; The state will file an amend­ment peti­tion in the Supreme Court

you may also like this video:

Exit mobile version