Site iconSite icon Janayugom Online

ചർച്ചയില്ലാതെ ബില്ലുകളുമായി വീണ്ടും കേന്ദ്രം

ചർച്ചയില്ലാതെ കൊണ്ടുവന്ന കാർഷിക കരിനിയമങ്ങള്‍ പിൻവലിക്കേണ്ടി വന്നിട്ടും പാഠം പഠിക്കാതെ മോഡി സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കാനിരിക്കുന്ന ബില്ലുകളിൽ 17 എണ്ണം കൂടിയാലോചനയില്ലാതെ. കാർഷിക നിയമങ്ങൾ അസാധുവാക്കാനുള്ള ബിൽ ഉൾപ്പെടെ 17 എണ്ണമാണ് ഏകപക്ഷീയമായി അവതരിപ്പിക്കാനൊരുങ്ങുന്നത്. 

ഈ മാസം 29നാണ് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 29 ബില്ലുകളിൽ 17 എണ്ണത്തിലും ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ലഹരിമരുന്ന് നിയമം, ക്രിപ്റ്റോകറൻസി റെഗുലേഷൻ, ഹൈക്കോടതി-സുപ്രീം കോടതി ജഡ്ജിമാരുടെ സേവന‑വേതന വ്യവസ്ഥകള്‍ പോലുള്ള ഗൗരവമുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഷെഡ്യൂൾ ചെയ്ത ബില്ലുകളില്‍ 17 എണ്ണത്തില്‍ കൂടിയാലോചന നടന്നില്ലെന്നുമാത്രമല്ല, ബാക്കിയുള്ളവയിൽ ആറെണ്ണം അഭിപ്രായം രേഖപ്പെടുത്താനുള്ള 30 ദിവസത്തെ സമയപരിധിയും പാലിച്ചിട്ടില്ല. 

ഇക്കഴിഞ്ഞ 19 നാണ് കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അതിനാൽ അവ റദ്ദാക്കുമെന്നും മോഡി പ്രഖ്യാപിച്ചത്. ‘കൂടിയാലോചനകൾക്ക് മോഡി സർക്കാരിനെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു‘വെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സിന്റെ സഹസ്ഥാപകൻ ജഗ്‌ദീപ് എസ് ചോക്കർ പറയുന്നു. ‘നിയമം കൊണ്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ചിരുന്നെങ്കിൽ കാർഷിക നിയമങ്ങളിൽ സർക്കാരിന് ഈ നാണക്കേട് വരില്ലായിരുന്നു. ജനാധിപത്യത്തിൽ തീരുമാനമെടുക്കുന്നതിന് ചർച്ചയും സംവാദവും വിയോജിപ്പും ചർച്ചകളും ആവശ്യമാണ്. ആ കാര്യങ്ങൾ ഇത്തരക്കാർക്ക് വെറുപ്പാണ്’ എന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച രീതി പോലും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
eng­lish summary;Center again with bills with­out discussion
you may also like this video;

Exit mobile version