Site icon Janayugom Online

കേരളം തള്ളിയ കടല്‍വിമാനവുമായി വീണ്ടും കേന്ദ്രം

കേരളമടക്കം രാജ്യമെമ്പാടും സമുദ്രവിമാനം പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി വീണ്ടും കേന്ദ്രം. കായൽ മത്സ്യസമ്പത്തിന് വൻ ഭീഷണിയാകുമെന്നതിനാൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച പദ്ധതിയാണിത്.
മൻമോഹൻ സിങ് സർക്കാർ കൊണ്ടു വന്ന സീപ്ലെയിൻ പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് നടപ്പാക്കാൻ നീക്കമുണ്ടായത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായലുകളും കണ്ണൂർ, ബേക്കൽ ഫോർട്ട് ബീച്ചുകളും സഞ്ചാരപഥത്തിൽ വരത്തക്കവിധമായിരുന്നു പദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആദ്യപടിയും കേരളം രണ്ടാമതും എന്ന ക്രമത്തിലായിരുന്നു പദ്ധതിയുടെ ഘടന. 2013 ജൂണിൽ കൊല്ലത്ത് അഷ്ടമുടിക്കായലിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാനം മുഖ്യമന്ത്രി നിർവഹിക്കുകയും ചെയ്തു. 

എന്നാൽ, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സന്നാഹം, വിമാന ഇന്ധനം കായലുകളിൽ പടരാനുള്ള സാധ്യത തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ കായലുകളിൽ നിന്ന് മത്സ്യസമ്പത്തിനെ അകറ്റും എന്ന പ്രത്യാഘാതം ബോധ്യമായതോടെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്ന് പദ്ധതിക്കെതിരെ ശക്തമായ എതിർപ്പാണുയർന്നത്. ഉദ്ഘാടനാനന്തരം അഷ്ടമുടിക്കായലിൽ നിന്ന് പറന്നുയരുന്ന വിമാനത്തിന് ഇറങ്ങാനുള്ള ഇടമായി കുമരകം കായൽ നിശ്ചയിച്ചിരുന്നെങ്കിലും, ആയിരക്കണക്കിന് വള്ളങ്ങൾ നിരത്തി മത്സ്യത്തൊഴിലാളികൾ പ്രതിരോധം തീർത്തതോടെ, സമുദ്ര വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പറത്തേണ്ട ഗതികേടുണ്ടായി. ദീർഘനാൾ വിമാനം അനാഥമായി നെടുമ്പാശേരിയിൽ കടന്നു. പിന്നാലെ, പദ്ധതിയും വിസ്മൃതിയിലാണ്ടു.
സീപ്ലെയിൻ പദ്ധതി ആദ്യ നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് പൊടിതട്ടിയെടുത്തുവെങ്കിലും അതിന്റെ ഗുണദോഷങ്ങൾ സാങ്കേതിക വിദഗ്ധർക്കിടയിൽത്തന്നെ ചർച്ചയായതോടെ ഉപേക്ഷിച്ചു. പിന്നീട്, നീണ്ട ഇടവേളയ്ക്കു ശേഷം ഇപ്പോഴാണ് മോഡി സര്‍ക്കാരിന് പദ്ധതിയോട് വീണ്ടും പ്രേമമുദിച്ചിരിക്കുന്നത്. കേരളത്തിലടക്കം രാജ്യത്തിന്റെ മുക്കിനും മൂലയിലും സീപ്ലെയിൻ പദ്ധതി നാപ്പാക്കുമെന്നാണ് പ്രഖ്യാപനം. കേന്ദ്രത്തിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ റീജിയണൽ കണക്ട്‌വിറ്റി സ്കീമിന് (ആർസിഎസ്) ഇത് കൂടുതൽ കരുത്ത് പകരുമെന്നാണ് അവകാശവാദം. 

ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) യുടെ വർക്കിങ് ഗ്രൂപ്പിന്റെ ശുപാർശ പ്രകാരം പുതുക്കിയ മാനദണ്ഡമനുസരിച്ച് അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. സമുദ്ര വിമാന വ്യവസ്ഥകൾ ലളിതമാക്കിയിട്ടുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന പദ്ധതിക്കെതിരെ കേരളത്തിലുണ്ടായ വമ്പിച്ച ചെറുത്തു നില്പിനെക്കുറിച്ച് അജ്ഞനായതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോൾ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജന.സെക്രട്ടറി പി രാജു, ദേശീയ സെക്രട്ടറി കുമ്പളം രാജപ്പൻ എന്നിവർ പ്രതികരിച്ചു.

Eng­lish Sum­ma­ry: Cen­ter again with the sea­plane reject­ed by Kerala

You may also like this video

Exit mobile version