Site iconSite icon Janayugom Online

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നിയമ ഭേദഗതിയുമായി കേന്ദ്രം

waqaf boardwaqaf board

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ പുതിയ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമത്തിന്റെ പേരുള്‍പ്പെടെ മാറ്റാന്‍ ഉദ്ദേശിക്കുന്ന ബില്ലാണ് നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത്. നിലവിലുള്ള വഖഫ് നിയമം 1995ന്റെ പേര് സമഗ്ര വഖഫ് ഭരണം, ശാക്തീകരണം, കാര്യക്ഷമത, വികസനം എന്നാക്കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ സമഗ്ര മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. വഖഫ് വസ്തുവകകളുടെ നിയന്ത്രണാധികാരവും ചുമതലയുമുള്ള വഖഫ് ബോര്‍ഡിന്റെ നിയന്ത്രണം മുസ്ലിം സമുദായത്തില്‍ നിക്ഷിപ്തമെന്നതിന് പകരം ഇതര മത വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ബോര്‍ഡില്‍ അംഗങ്ങളാകാന്‍ ബില്‍ അവസരം നല്‍കും.

മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ ദെെവത്തിന് എന്നപേരില്‍, സമ്പാദ്യത്തില്‍ നിന്നോ പാരമ്പര്യസ്വത്തില്‍ നിന്നോ ദാനം ചെയ്തവയാണ് വഖഫ് സ്വത്തുക്കള്‍. 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്. ഇതിൽനിന്നുള്ള വരുമാനം മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുകയാണ് 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 30 വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം.
രാജ്യത്തെ വഖഫ് ചരിത്രം പരിശോധിച്ചാല്‍ മുഖ്യകയ്യേറ്റക്കാര്‍ സര്‍ക്കാരുകളാണ്. മുത്തവല്ലികളാണ് വഖഫ് വസ്തുക്കളുടെ കാര്യസ്ഥര്‍. ഇവരുടെ പിടിപ്പുകേടോ അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങളോ ആണ് രാജ്യത്തെ വഖഫ് വസ്തുവകകളുടെ അന്യാധീനമായ കയ്യേറ്റങ്ങള്‍ക്ക് ഇടയാക്കിയത്. എനിമി പ്രോപ്പര്‍ട്ടി ആക്ട്, അതായത് ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ വസ്തുവകകള്‍ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന മാതൃകയിലാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്നത് വഖഫ് വസ്തുവകകള്‍ സര്‍ക്കാരിന് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവസരം നല്‍കും.
നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മുസ്ലിം ന്യൂനപക്ഷങ്ങളില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്.

Eng­lish Sum­ma­ry: Cen­ter amends law to seize waqf properties

You may also like this video

Exit mobile version