Site iconSite icon Janayugom Online

അഡാനിക്കുവേണ്ടി കയറ്റുമതിചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

വ്യവസായ ഭീമനായ അഡാനി ഗ്രൂപ്പിനായി വൈദ്യുതി കയറ്റുമതിച്ചട്ടങ്ങളില്‍ ഇളവ് വരുത്തി മോഡി സര്‍ക്കാര്‍. അഡാനി ഗ്രൂപ്പ് ബംഗ്ലദേശിന് വിതരണം ചെയ്തിരുന്ന വൈദ്യുതി ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കാനാണ് മോഡി സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി നല്‍കിയത്.
രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ, അഡാനി പവര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയില്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയെ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലദേശിലെ അവസ്ഥ കാരണം അഡാനിക്ക് നേരിടുന്ന നഷ്ടം ഒഴിവാക്കുന്നതിനാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. ഷേഖ് ഹസീന പ്രധാനമന്ത്രിയായിരിക്കേ 2015ലാണ് അഡാനി കമ്പനിയും ബംഗ്ലാദേശ് സര്‍ക്കാറും വൈദ്യുതി വിതരണ കരാറില്‍ ഒപ്പുവച്ചത്. 2015 ഓഗസ്റ്റില്‍ മോഡിയുടെ ധാക്ക സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കരാര്‍. ഈ കരാറിനെ പ്രതിപക്ഷം അന്ന് നഖശിഖാന്തം എതിര്‍ത്തിരുന്നു.

2018ല്‍ മോഡി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ വൈദ്യുതി കയറ്റുമതിച്ചട്ടം അനുസരിച്ചാണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന സ്വകാര്യ വൈദ്യുതി അയല്‍ രാജ്യത്തിന് വില്‍ക്കാന്‍ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി ഝാര്‍ഖണ്ഡിലെ അഡാനി ഗ്രൂപ്പ് വൈദ്യുതിനിലയം 1,600 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലദേശിന് വിതരണം ചെയ്തിരുന്നത്. കരാര്‍ പ്രകാരം അയല്‍രാജ്യത്തിനായി ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ആഭ്യന്തര വിതരണത്തിന് നിരോധനമുണ്ട്. ഇതാണിപ്പോള്‍ മോഡി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

ഈമാസം 12 നാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം അഡാനി കമ്പനിക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച് അഡാനി പവര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ച് ആഭ്യന്തര വില്പന സാധ്യമാക്കും. അയല്‍രാജ്യത്ത് നിന്നുള്ള പണം ലഭിക്കാന്‍ കാലതാമസം നേരിടുന്ന പക്ഷം ഇന്ത്യന്‍ ഗ്രിഡ് വഴി വൈദ്യുതി വില്‍ക്കാന്‍ അനുമതി നല്‍കുന്നതിനും പുതിയ ഉത്തരവില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ അഡാനി കമ്പനി ബംഗ്ലദേശിന് മാത്രമാണ് വൈദ്യുതി വിതരണം നടത്തുന്നത്. അയല്‍രാജ്യത്തിന് വേണ്ടി വൈദ്യുതി ഉല്പാദിപ്പിക്കുന്ന കമ്പനിക്ക് രാജ്യത്തിനകത്ത് വൈദ്യുതി വിതരണം നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അധിക തുക നാഷണല്‍ ഗ്രിഡിലേക്ക് ഒടുക്കണമെന്ന വ്യവസ്ഥയും അഡാനിക്കായി റദ്ദാക്കി. 

Eng­lish Sum­ma­ry: Cen­ter eas­es export norms for Adani

You may also like this video

Exit mobile version