സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ ചട്ടഭേദഗതി പ്രാബല്യത്തിൽ. ഉള്ളടക്കങ്ങൾ നിയമവിരുദ്ധമെന്നോ, വ്യാജമെന്നോ ചൂണ്ടിക്കാട്ടി സർക്കാരോ കോടതിയോ ഉത്തരവിട്ടാല്‍ സമൂഹ മാധ്യമങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. നേരെത്തെ 36 മണിക്കൂറായിരുന്നതാണ് കേന്ദ്ര സർക്കാർ 2021ലെ ഐടി ചട്ടം ഭേദഗതി ചെയ്‌ത് മൂന്നായി കുറച്ചത്.
രാജ്യസുരക്ഷ, അപകീർത്തി, ക്രമസമാധാനം, കോടതിയലക്ഷ്യം എന്നിവ ഉൾക്കൊള്ളുന്ന ഉള്ളടക്കങ്ങളാണ് നിർദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കേണ്ടത്. എഐ ഉൾപ്പെടെ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഭേദഗതിയെന്നാണ് കേന്ദ്ര വാദം. നിർദേശിക്കുന്നവ നീക്കം ചെയ്തില്ലെങ്കിൽ സമൂഹ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകും. ഭേദഗതിയിലൂടെ വിമർശങ്ങൾക്ക് തടയിടാനും അനഭിമതമായവ നിർദേശം നൽകി നീക്കം ചെയ്യാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് വിമർശം ശക്തമായി. പ്രതിപക്ഷവും ശക്തമായ എതിർപ്പുയർത്തുന്നുണ്ട്.

