Site iconSite icon Janayugom Online

സമൂഹ മാധ്യമങ്ങള്‍ക്കുമേല്‍ പിടിമുറുക്കാന്‍ കേന്ദ്രം

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അക്കൗണ്ട് മരവിപ്പിക്കുക, നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ കമ്പനികളെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ അധികാരിയായാണ് പുതിയ സമിതി രൂപീകരിക്കുക. ഇതോടെ സമൂഹ മാധ്യമ കമ്പനികള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. മറ്റ് ലോകരാജ്യങ്ങളിലൊന്നും ഇത്തരം സംവിധാനങ്ങള്‍ നിലവിലില്ല.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ഐടി നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖയിലാണ് ഇതിനെക്കുറിച്ചുള്ള സൂചന. ഇത്തരത്തില്‍ ഒന്നോ അതിലധികമോ സമിതികള്‍ രൂപീകരിക്കുന്ന സാധ്യതയും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ പഠിച്ച് തീരുമാനമെടുക്കും. പുതിയ ഐടി നിയമം പ്രബല്യത്തില്‍ വന്നതിനു പിന്നാലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ അവരുടേതായ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. നിയമ നിർവഹണ ഉദ്യോഗസ്ഥരുമായി ഏകോപിച്ചാണ് ഇവരുടെ നിയമനം.

പരാതി പരിഹാരം എന്ന നിലയില്‍ കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിരീക്ഷണവും കൊണ്ടുവരുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

നേരത്തെ പുതിയ ഐടി നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാത്തതിനെതിരെ ട്വിറ്ററും കേന്ദ്രസര്‍ക്കാറും തമ്മില്‍ നിയമയുദ്ധം ഉടലെടുത്തിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയുടെ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ച ട്വിറ്റര്‍ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കമ്പനി നടപടിയില്‍ ഉറച്ചുനിന്നു. ഇത്തരം വിഷയങ്ങളില്‍ കൂടി അധികാരം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമിതിയുടെ രൂപീകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish summary;Center for tight­en on social media

You may also like this video;

Exit mobile version