Site icon Janayugom Online

അഫ്‌സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു

അഫ്‌സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് നാഗാലാന്‍ഡിൽ നിന്നും അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തും അയച്ചിരുന്നു. നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവയ്ക്കാൻ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ.

അഫ്‌സ്പ പിൻവലിക്കണം എന്നാണ് നാഗാലാൻഡ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടത്. വെടിവയ്പ്പ് സംഭവത്തില്‍ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികര്‍ക്കുമെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ചും അമിത് ഷായുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്തതതായി നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ അടിസ്ഥാനത്തിലാകും സൈനികര്‍ക്കെതിരായ നടപടി.എന്നാൽ അസം മുഖ്യമന്ത്രി അഫ്‌സ്പയെ ന്യായീകരിക്കുന്ന നിലപാടാണ് യോഗത്തിൽ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. 

ENGLISH SUMMARY:Center has appoint­ed a com­mit­tee to look into the with­draw­al of Afspa
You may also like this video

Exit mobile version