സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കാൻ തീരുമാനം. രാജീവ് ഗാന്ധി സെന്റര്‍ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് മന്ത്രിസഭായോഗം ഭരണാനുമതി നൽകിയത്.
മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.
സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്ന് വിരമിച്ച ഡോ. സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി സയൻസ് ആന്റ് ടെക്നോളജി വകുപ്പിനെ തീരുമാനിച്ചു.
കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്നോസ്റ്റിക് ഇന്റർവെൻഷണൽ ടെക്നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു.
പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിൻഫ്രാ പാർക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ച് കഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും.
English Summary: Center of Excellence in Microbiome will be established
You may also like this video