Site iconSite icon Janayugom Online

സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും

nutrinsnutrins

സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം) ഉടൻ പ്രവർത്തനമാരംഭിക്കും. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിഐഎസ്‌സി), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റ് (കെഎസ്‌സിഎസ‌്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ്സയൻസ് പാർക്കിൽ ഇതിനായുള്ള സ്ഥലം അനുവദിച്ചു. 

ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ബയോലൈഫ് സയൻസ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ, നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ സ്ഥാപിക്കാനാണ് തീരുമാനം.
അതിവിശാലമായ ജല ആവാസവ്യവസ്ഥകൾ, തീരപ്രദേശം, വനം, പശ്ചിമഘട്ടം എന്നിവയാൽ സമ്പന്നമാണെങ്കിലും, സസ്യങ്ങളുടെയും സമുദ്രജലവിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് പറ്റിയ സ്ഥാപനങ്ങളൊന്നും കേരളത്തിൽ നിലവിലില്ല. ഇവയെപ്പറ്റി പഠിക്കുകയും, മികച്ചവയെ വാണിജ്യവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്’ ലക്ഷ്യമാക്കുന്നത്. നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ പുതിയവ കണ്ടെത്തുകയും, അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി, പുതിയ ഉല്പന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന, ഗവേഷണ കേന്ദ്രമാണ് പദ്ധതിയുടെ ലക്ഷ്യം. 

ഇൻവെസ്റ്റ് ഇന്ത്യ പഠന പ്രകാരം ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യം ഉയരുന്നതു കാരണം 2025ൽ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി 18 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. 

ന്യൂട്രാസ്യൂട്ടിക്കൽസ്

ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ‘ന്യൂട്രാസ്യൂട്ടിക്കൽസ്’ എന്ന പദം അർത്ഥമാക്കുന്നത്. പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും എന്നാൽ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉല്പന്നങ്ങൾ), ഭക്ഷണ സപ്ലിമെന്റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും, ന്യൂട്രാസ്യൂട്ടിക്കലുകൾ നിർണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലർജി, അൽഷിമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയ്ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Cen­ter of Excel­lence in Nutraceu­ti­cals to start func­tion­ing in Thiruvananthapuram

You may also like this video

Exit mobile version