Site iconSite icon Janayugom Online

പരിസ്ഥിതി ചട്ടങ്ങളില്‍ വീണ്ടും വെള്ളംചേര്‍ത്ത് കേന്ദ്രം

പരിസ്ഥിതി ചട്ടങ്ങളില്‍ വീണ്ടും വെള്ളംചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള പദ്ധതികള്‍ നാല്പതു ശതമാനം വരെ വികസിപ്പിക്കുന്നതില്‍, പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. അഞ്ചു ശതമാനത്തിന് മുകളില്‍ വികസന പ്രവര്‍ത്തനം നടത്തുന്ന എല്ലാ പ്രോജക്ടുകളിലും പൊതുജനങ്ങളുടെ അഭിപ്രായം ആരായണമെന്ന നിലവിലെ ചട്ടം ഒഴിവാക്കിക്കൊണ്ടാണ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്.

പദ്ധതികളുടെ നാല്പതു ശതമാനം വരെയുള്ള വികസനത്തിന് പബ്ലിക് ഹിയറിങ് ഒഴിവാക്കി കേന്ദ്രം ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഖനികളുടെ പാട്ട പ്രദേശം വര്‍ധിപ്പിക്കല്‍, ആധുനികവത്കരണം, തുറമുഖങ്ങളുടെ കാര്‍ഗോ ഹാന്‍ഡ്‌ലിങ് കപ്പാസിറ്റി, റോഡ് വികസനം തുടങ്ങിയവയ്ക്കും പബ്ലിക് ഹിയറിങ് ഒഴിവാക്കിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ്, മാറ്റങ്ങളെന്ന് 11 ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു.

കല്‍ക്കരി ഖനികള്‍ 40 ശതമാനം വരെ വികസിപ്പിക്കുന്നതിന് 2017ല്‍ തന്നെ പബ്ലിക് ഹിയറിങ് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ്, മാംഗനീസ്, ബോക്‌സൈറ്റ്, ലൈംസ്‌റ്റോണ്‍ ഖനികളുടെ 20 ശതമാനം വികസനത്തിന് പബ്ലിക് ഹിയറിങ് ഒഴിവാക്കി 2021ല്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്ന് മ്ന്ത്രാലയം വിശദീകരിക്കുന്നു. അതേസമയം മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

2020 ലെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാവും മുമ്പ് തന്നെ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ ഇതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;Center re-inter­ven­ing in envi­ron­men­tal regulations

YOu may also like this video;

Exit mobile version