റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരരുടെ എണ്ണം 44 ആയി ഉയർന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമീപമാസങ്ങളിലെ റിക്രൂട്ട്‌മെന്റിലൂടെയാണ് ഇത്രയും പേർ റഷ്യൻസൈന്യത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നത്. സുരക്ഷ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചും റഷ്യൻ സൈന്യത്തിൽ ചേരുന്നവരുടെ എണ്ണം വർധിക്കുന്നതായും ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ റഷ്യൻ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വേഗത്തിലുള്ള മോചനംഉറപ്പാക്കാൻ ഇന്ത്യൻ അധികൃതർ റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സമീപ മാസങ്ങളിൽ കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടന്നതായി ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതോടെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിൽ, റഷ്യൻ സായുധ സേനയിൽ 127 ഇന്ത്യൻ പൗരന്മാരുണ്ടെന്നും, അതിൽ 98 പേരെ സൈന്യത്തിൽ നിന്ന് മോചിപ്പിച്ചതായും മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു.

