ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഓപ്പറേഷന്‍ ഗംഗ അവസാനഘട്ടത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍.
സ്വന്തം താമസ സ്ഥലങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയ സിറ്റി സെന്ററില്‍ രാവിലെ 10നും ഉച്ചയ്ക്ക് 12 മണിക്കും ഇടയില്‍ എത്താനാണ് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ സ്വപ്രയത്നത്താല്‍ ബുഡാപെസ്റ്റിലെത്തിയാല്‍ രക്ഷിക്കാമെന്ന നിലപാടിലാണ് കേന്ദ്രം.
യുദ്ധബാധിത ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ അടിസ്ഥാനവിവരങ്ങള്‍ ഉള്‍പ്പെടെ ഒരു ഫോമില്‍ എഴുതി നല്‍കണമെന്നാണ് നേരത്തെ പുറത്തുവിട്ട ട്വീറ്റില്‍ എംബസി ആവശ്യപ്പെട്ടിരുന്നു.
പലായനം 15 ലക്ഷം
കീവ്: ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 15 ലക്ഷം കടന്നതായി ഐക്യരാഷ്ട്രസഭ. യുദ്ധം ആരംഭിച്ചതിന് കേവലം 10 ദിവസങ്ങള്‍ക്കുള്ളിലാണ് ഉക്രെയ്‌നിന്റെ അതിര്‍ത്തി ഇത്രയധികം പേര്‍ കടന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും വേഗം പലായനം നടക്കുന്നത് ആദ്യമാണെന്നും യുഎന്‍ പറയുന്നു. അഭയാര്‍ത്ഥികളായി 40 ലക്ഷം പേരെങ്കിലും അയല്‍രാജ്യങ്ങളില്‍ എത്തുമെന്നാണ് യുഎന്‍ വിലയിരുത്തല്‍. പോളണ്ടിലേക്കാണ് കൂടുതല്‍ പേര്‍ പലായനം ചെയ്യുന്നത്. യുദ്ധമാരംഭിച്ചതിന് ശേഷം എട്ട് ലക്ഷം പേരാണ് പോളണ്ടിലേക്ക് എത്തിയത്. ഹംഗറി, സ്ലോവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ നീങ്ങുന്നു. മൊള്‍ഡോവയിലേക്ക് 30,000 കുട്ടികളടക്കം രണ്ടരലക്ഷം പേരാണ് പലായനം ചെയ്തത്. ഗ്രീസിലേക്കും പ്രതിദിനം പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉക്രെയ്‌നിലെ യുദ്ധമുഖത്തുനിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ തിരക്കാണ് ഇപ്പോള്‍ പോളണ്ടിലെ കാഴ്ച. ഇവിടെ എത്തുന്നവര്‍ക്ക് വേണ്ടി ഭക്ഷണവും മറ്റ് സൗകര്യങ്ങളും തയാറാക്കി നല്‍കുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ഉക്രെയ്ന്‍ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പോളണ്ടിലെമ്പാടും ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പമെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. വാഴ്‌സയില്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ പോളണ്ടിന്റെ പതാകയ്‌ക്കൊപ്പം ഉക്രെയ്‌നിന്റെ പതാകകളും സ്ഥാപിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളും അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തിക്കു സമീപം തന്നെ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമൊക്കെ ക്യാമ്പുകളില്‍ ഒരുക്കുന്നുണ്ട്.
english summary; Center says rescue can be reached in Budapest
you may also like this video;