Site iconSite icon Janayugom Online

വര്‍ഗ്ഗീയ വിദ്വേഷവും ബുള്‍ ഡോസര്‍ രാഷ്ട്രീയവും മുന്നില്‍ നിര്‍ത്തി ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നു: അമര്‍ജിത് കൗര്‍

ഭരണ രംഗത്ത് എല്ലാ തലത്തിലും പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ച മോഡി സര്‍ക്കാര്‍ വര്‍ഗ്ഗീയ വിദ്വേഷവും ബുള്‍ ഡോസര്‍ രാഷ്ട്രീയവും മുന്നില്‍ നിര്‍ത്തി ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന് എ ഐ ടി യു സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. ഇന്നലെ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയ അജണ്ടകള്‍ക്കെതിരെയും ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കൗര്‍.
സാമ്പത്തികം, തൊഴില്‍, വിലക്കയറ്റ നിയന്ത്രണം തുടങ്ങി എല്ലാ മേഖലകളിലും മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ഇത് മറച്ചു വയ്ക്കാനാണ് വര്‍ഗ്ഗീയ വിദ്വേഷ അജണ്ടയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. രാജ്യ വ്യാപകമായി ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളെ ഭീഷണി പെടുത്ത് തങ്ങളുടെ വീഴ്ച മറച്ചു പിടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ ഇടിച്ചു നിരത്തുന്നെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അവരെ പുനരധിവസിപ്പിക്കാന്‍ ശ്രമം നടത്താതെ പാവപ്പെട്ടവരെ പെരുവഴിയിലേക്ക് തള്ളുകയാണെന്നും കൗര്‍ കുറ്റപ്പെടുത്തി.

ജന്ദര്‍ മന്ദിറില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. ഇടതുപക്ഷ പക്ഷ കക്ഷികളുടെ ഡല്‍ഹി ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയ്ക്ക് വന്‍ തോതില്‍ ജനപങ്കാളിത്വം നേടാനായെന്നതും ശ്രദ്ധേയം.

Eng­lish Sum­ma­ry: Cen­ter stays away from pop­u­lar issues on the pre­text of com­mu­nal hatred and bull­doz­er pol­i­tics: Amar­jit Kaur

You may like this video also

Exit mobile version