Site iconSite icon Janayugom Online

സ്വകാര്യത മൗലികാവകാശമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമല്ലെന്നും നിയന്ത്രണങ്ങൾക്ക് വിധേയമാക്കാമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ. ഡിജിറ്റൽ, ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ ഉള്ളടക്കങ്ങളും പിടിച്ചെടുക്കൽ, പരിശോധിക്കൽ, സംരക്ഷിക്കൽ എന്നിവ സംബന്ധിച്ചുള്ള ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുന്നതിനോ പിടിച്ചെടുക്കുന്നതിനോ മുമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതി തേടണമെന്നും ആരോപണവിധേയമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കണമെന്നും അന്വേഷണ ഏജൻസികൾക്കും പാെലീസിനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് അക്കാദമിക് വിദഗ്ധർ സമർപ്പിച്ച റിട്ട് ഹർജിയാണ് കോടതി പരിഗണിച്ചത്. ഓഗസ്റ്റ് അഞ്ചിന് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ, ഹർജി നിലനിൽക്കുന്നതല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാരിന്റെ പ്രതികരണത്തിൽ തൃപ്തി വരാത്തതിനാൽ പുതിയ മറുപടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. 

മറുപടി നൽകാത്തതിന് കേന്ദ്രത്തിന് കോടതി നവംബർ 11ന് 25,000 രൂപ പിഴ ചുമത്തി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എ എസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും പുതിയ മറുപടിയിലാണ് അന്വേഷണം നേരിടുന്ന ഒരു വ്യക്തിയുടെ ഡിജിറ്റൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകുന്നത് സംബന്ധിച്ച് നിബന്ധനകൾ വേണമെന്ന് കേന്ദ്രം വാദിച്ചത്. ‘സ്വകാര്യതയ്ക്കുള്ള അവകാശം നിലനിൽക്കുന്നുണ്ടെങ്കിലും, നിയമപരമായ നിയന്ത്രണവും അനുവദനീയമാണെ‘ന്നാണ് കേന്ദ്രം നിലപാടെടുത്തത്. 

അതേസമയം നിർദ്ദിഷ്ട ഡാറ്റ സംരക്ഷണ നിയമത്തിന് കീഴിൽ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സർക്കാരിന് പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നവംബർ 18ന് കേന്ദ്രസർക്കാർ പുറത്തുവിട്ട ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2022നെ കുറിച്ച് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലെന്നപോലെ ഡാറ്റ സംരക്ഷണത്തിനുള്ള അവകാശവും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ചന്ദ്രശേഖർ പറഞ്ഞു.

Eng­lish Sum­ma­ry: Cen­ter gov­ern­ment tells Supreme Court that pri­va­cy is not a fun­da­men­tal right

You may also like this video

Exit mobile version