Site iconSite icon Janayugom Online

സ്കൂള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് കേന്ദ്രം

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നഴ്സറി വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പോക്സോ നിയമ പ്രകാരം 2021ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ തല്‍സ്ഥിതി അറിയിക്കാനും ആവശ്യപ്പെട്ടു.

സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച കാര്യങ്ങളില്‍ സ്കൂള്‍ മാനേജ്മെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ‘സ്കൂള്‍ സുരക്ഷയും കരുതലും’ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. സുരക്ഷയും കരുതലുമുള്ള വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള എല്ലാവരിലും അവബോധം സൃഷ്ടിക്കുന്നതിനാണ് മാര്‍ഗനിര്‍ദേശങ്ങള്‍. പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാനേജ്മെന്റുകള്‍ എന്നിവര്‍ ഇത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പരിഷ്കരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. ശാരീരികവും സാമൂഹികവും വൈകാരികവും വൈജ്ഞാനികവുമായ കാര്യങ്ങള്‍, പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള സംരക്ഷണം, പലതരം നിയമങ്ങള്‍, നയങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അവബോധം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു. 

Exit mobile version