Site iconSite icon Janayugom Online

സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാന്‍ കേന്ദ്രം

തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വീഡിയോ പ്രചരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, എക്സ്, മെറ്റ, ഡെയ്‌ലി ഹണ്ട്, ഷെയര്‍ചാറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. അതേസമയം വ്യാജവാര്‍ത്തകള്‍ ഏതെല്ലാമാണെന്നത് സംബന്ധിച്ച വിശദീകരണം നിര്‍ദേശത്തിലില്ല.

2024ലെ ലോ‌‌‌ക‌്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ വ്യാജവാര്‍ത്തകള്‍ തടയുന്നതിലുപരി സമൂഹമാധ്യമങ്ങളെ വരുതിയിലാക്കുകയാണെന്ന് വ്യക്തം. 2023 ലെ ഐടി നിയമഭേദഗതി പാസാക്കിയെങ്കിലും ഇതില്‍ സൂചിപ്പിക്കുന്ന വസ്തുതാന്വേഷണ നിര്‍ണയ രീതി ഉള്‍പ്പെടെ കോടതികളുടെ പരിഗണനയിലാണ്. സോഷ്യല്‍ മീഡിയ കമ്പനികളും അതോടൊപ്പം ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

ഐടി നിയമത്തിലെ വകുപ്പ് 4(2) പ്രകാരമാണ് നിര്‍ദേശം. വാട്ട്സ്ആപ്പിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ആദ്യത്തെ ആളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഇനി മുതല്‍ സര്‍ക്കാരിന് കൈമാറേണ്ടതായി വരും. 10 ദിവസത്തിനകം നടപടി സംബന്ധിച്ച റിപ്പോര്‍ട്ടും കമ്പനികള്‍ നല്‍കേണ്ടതായി വരും.
വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകള്‍ സുരക്ഷ, സ്വകാര്യത എന്നിവ കണക്കിലെടുത്ത് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് രണ്ടുപേര്‍ തമ്മിലുള്ള മെസേജുകളോ കോളുകളോ സര്‍ക്കാരിനോ വാട്സ്ആപ്പിനോ ലഭിക്കില്ല. നിലവില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് കുറ്റവാളികളെ കണ്ടെത്തുന്ന സംവിധാനം നിലനില്‍ക്കുന്നില്ല. തെറ്റായ പ്രചാരണം നടത്തുന്നവരെ കണ്ടെത്തണമെങ്കില്‍ വാട്സ്ആപ്പിന് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം നീക്കം ചെയ്യേണ്ടതായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Sum­ma­ry: Cen­ter to to grab social media

You may also like this video

Exit mobile version