Site iconSite icon Janayugom Online

കര്‍ഷക ക്ഷേമത്തിന് അനുവദിച്ച ഒരുലക്ഷം കോടി കേന്ദ്രം പാഴാക്കി

കര്‍ഷകരുടെ ദൈന്യജീവിതത്തിനിടയിലും ബജറ്റ് വിഹിതം പാഴാക്കി കേന്ദ്ര കൃഷി മന്ത്രാലയം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് വകുപ്പ് പാഴാക്കിയത്. ബജറ്റ് വിഹിതമായി ലഭിച്ച ഒരുലക്ഷം കോടി ഉപയോഗിക്കാതെ കേന്ദ്രസര്‍ക്കാരിന് തിരിച്ച് നല്‍കിയെന്ന് കാര്‍ഷിക മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കൃഷി വകുപ്പ് 21,000 കോടിയാണ് വിനിയോഗം നടത്താതെ തിരികെ നല്‍കിയത്. അക്കൗണ്ടസ് അറ്റ് എ ഗ്ലാന്‍സ് ഫോര്‍ ദി ഇയര്‍ 2022–23 എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ബജറ്റ് വിഹിതം പോലും പാഴാക്കിയെന്ന ഗുരുതര വെളിപ്പെടുത്തല്‍. ബജറ്റ് വിഹിതമായി അനുവദിച്ച 1.24 ലക്ഷം കോടി രൂപയില്‍ നിന്നാണ് 21,005.13 കോടി വിനിയോഗിക്കാതെ തിരിച്ച് നല്‍കിയത്.

201–22 സാമ്പത്തിക വര്‍ഷം 23,824.53 കോടി, 2019–20ല്‍ 34,517.7 കോടി, 2018–19 ല്‍ 21,043.75 കോടി എന്നിങ്ങനെയും കാര്‍ഷിക മന്ത്രാലയം തിരിച്ചുനല്‍കി. ഇതോടൊപ്പം കാര്‍ഷിക ഗവേഷണ‑വിദ്യാഭ്യാസ വകുപ്പിന് 2022–23 ല്‍ അനുവദിച്ച 8,658.91 കോടിയില്‍ ഒമ്പത് ലക്ഷം സ്ഥാപനം സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കി. 2020–22ല്‍ 1.81 കോടിയും, 2019–20ല്‍ 232.62 കോടിയും, 2018–19ല്‍ ഏഴ് കോടി രൂപയും വിനിയോഗിച്ചില്ല. 

പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി അനുസരിച്ച് 2018–19ല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് 54,000 കോടി രൂപയാണ് വിഹിതമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് വിഹിതം കൃത്യമായി വിനിയോഗിക്കാതെ പാഴാക്കുന്ന നടപടിയെ പാര്‍ലമെന്ററി സമിതി കുറ്റപ്പെടുത്തിയിട്ടും തികഞ്ഞ അനാസ്ഥയാണ് വകുപ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ കടുത്ത ദുരിതം അനുഭവിക്കുന്ന അവസരത്തിലാണ് കര്‍ഷക സ്നേഹം വാനോളം ഉദ്ഘോഷിക്കുന്ന മോഡി സര്‍ക്കാര്‍ ബജറ്റ് വിഹിതം പോലും വിനിയോഗിക്കാതെ പാഴാക്കുന്നത്. 

Eng­lish Summary;Center wast­ed Rs 1 lakh crore allo­cat­ed for farm­ers welfare
You may also like this video

Exit mobile version