Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗവുമായി കേന്ദ്രം

കോവിഡ് പ്രതിസന്ധിയുടെ കാലത്തുള്‍പ്പെടെ സാധാരണക്കാര്‍ക്ക് ആശ്വാസമായി മാറിയ തൊഴിലുറപ്പ് പദ്ധതിയെ ഞെരുക്കി ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നു.

2022–23ലേക്കുള്ള കേന്ദ്ര ബജറ്റില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള വിഹിതം 25 ശതമാനം വെട്ടിക്കുറച്ചതിന് ന്യായീകരണവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകള്‍ ശക്തമായെന്ന ആരോപണത്തിന്റെ മറപിടിച്ചാണ് പുതിയ നീക്കം. കഴിഞ്ഞ രണ്ട് വര്‍ഷമായി പദ്ധതിയുടെ ഭാഗമായി വന്‍ തുക ചോര്‍ന്നുപോകുന്നതായി കണ്ടെത്തിയെന്നാണ് അധികൃതരുടെ വാദം.

മസ്റ്റര്‍ റോളില്‍ പേര് ചേര്‍ത്ത്, പദ്ധതിയില്‍ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തുന്നതിന്റെ പേരില്‍ പലയിടത്തും ഇടനിലക്കാരായി നില്ക്കുന്നവര്‍ പണം വാങ്ങുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. തൊഴിലെടുക്കുന്നവര്‍ക്ക് വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നതെങ്കിലും അവരുടെ കയ്യില്‍ നിന്ന് ഇത്തരക്കാര്‍ തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം.

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്കുന്നതിനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തുവെങ്കിലും ഗുണഭോക്താക്കള്‍ക്ക് അതിന്റെ പൂര്‍ണമായ ഗുണഫലം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പിടിമുറുക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.

2022–23 ബജറ്റില്‍ 73,000 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പുതുക്കിയ ബജറ്റ് വിഹിതം ഉള്‍പ്പെടെ 1.11 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകളുള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ പണചോര്‍ച്ചയുണ്ടാകുന്നുവെന്ന ‘കണ്ടെത്തല്‍’ ശ്രദ്ധേയമാകുന്നത്.

eng­lish summary;Center with new way to elim­i­nate employ­ment guar­an­tee scheme

you may also like this video;

Exit mobile version