കലൂർ- ഇൻഫോപാർക്ക് മെട്രോ സര്‍വീസിന് കേന്ദ്രസർക്കാർ അനുമതി നൽകി. സ്ഥലമെടുപ്പ് ജോലികൾ ഉൾപ്പെടെ പൂർത്തിയാകുന്ന മുറയ്ക്ക് കാക്കനാട്ടേയ്ക്കുളള മെട്രോ നിർമാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാം ഘട്ട നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അനുമതിയും ലഭിച്ചത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുളള 11.17 കിലോമീറ്റർ ദൈർഘ്യമാണ് രണ്ടാംഘട്ടത്തിനുള്ളത്. 11 സ്റ്റേഷനുകളുമുണ്ടാകും. 1957.05 കോടി രൂപയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്.
അതിനിടെ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ ശരാശരി എണ്ണം 80, 000 കടന്നു. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലേയ്ക്ക് സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിദിനയാത്രക്കാരുടെ എണ്ണം 80, 000 കടന്നത്. ഇക്കഴിഞ്ഞ 31നാണ് കൊച്ചി മെട്രോയുടെ എസ് എൻ ജംഗ്ഷനിലേയ്ക്കുള്ള പുതിയ പാത പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. പേട്ടവരെയുണ്ടായിരുന്ന സർവീസാണ് രാജനഗരിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.
പുതിയ പാത ഉദ്ഘാടനം ചെയ്തതിന്റെ അടുത്ത ദിവസം തന്നെ യാത്രക്കാരുടെ എണ്ണം 80, 000 കടന്നത് ശുഭ സൂചനയായിരുന്നു. ആദ്യദിവസം തന്നെ യാത്രക്കാരുടെ എണ്ണം 81,747ലെത്തിയിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യത്തെ പാതയാണ് എസ് എൻ ജംഗ്ഷനിലേയ്ക്കുള്ളത്. 1.8 കിലോമീറ്റർ നീളമാണ് പേട്ട- എസ് എൻ ജംഗ്ഷൻ മെട്രോ സർവീസിന്റെ ദൂരം. പുതിയ പാത ഉദ്ഘാടനം ചെയ്തതോടെ ശരാശരി യാത്രക്കാരുടെ എണ്ണം എൺപതിനായിരത്തിൽ എത്തിക്കാൻ സാധിച്ചത് നേട്ടമായി കെഎംആർഎൽ കാണുന്നു.
നഗരത്തിന്റെ തിരക്കിൽ പെടാതെ എസ് എൻ ജംഗ്ഷൻവരെ ബസിലെത്തി അവിടെ നിന്ന് മെട്രോയിൽ കയറി നഗരത്തിലേയ്ക്ക് പോകുന്നവരാണ് ഇപ്പോൾ അധികവും. ആലുവവരെ മെട്രോയിലാണ് എസ് എൻ ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കുന്നതെങ്കിൽ ഒരു മണിക്കൂറിൽ താഴേ സമയം മാത്രം മതി അവിടെ എത്തുവാൻ. ബസിലാണ് യാത്രയെങ്കിൽ പകൽ സമയത്ത് കൊച്ചിയിലെ തിരക്കും കടന്ന് ആലുവ എത്തണമെങ്കിൽ രണ്ട് മണിക്കൂറിൽ അടുത്ത് സമയം ആവശ്യമായി വരുമ്പോഴാണ് മെട്രോ യാത്രക്കാർക്ക് ഏറെ പ്രയോജനമാകുന്നത്.
എൽഡിഎഫ് സർക്കാർ അധികാരമേറ്റേടുത്തതിന് പിന്നാലെയാണ് സമയബന്ധിതമായി കൊച്ചി മെട്രോ നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്. ആദ്യഘട്ടത്തിൽ പാലാരിവട്ടം വരെയായിരുന്ന സർവീസ് മാസങ്ങൾക്കുളളിൽ വൈറ്റിലയിലേയ്ക്ക് നീട്ടി. പിന്നീട് രണ്ട് വർഷങ്ങൾക്ക് മുമ്പ് പേട്ടവരെ മെട്രോ സർവീസ് എത്തിക്കാനും സർക്കാരിനായി. ഈ സർവീസാണ് ഇപ്പോൾ എസ് എൻ ജംഗ്ഷനിലേയ്ക്ക് നീട്ടിയിരിക്കുന്നത്. പേട്ടവരെയായിരുന്നു മെട്രോ സർവീസിന്റെ ഒന്നാം ഘട്ടം. രണ്ടാം ഘട്ടം കാക്കനാട്ടേയ്ക്കും പ്രഖ്യാപിച്ചിരുന്നു.
ഒന്നാംഘട്ടത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എസ് എൻ ജംഗ്ഷനിലേയ്ക്ക് സർവീസ് നീട്ടിയത്. 453 കോടി രൂപ നിർമാണചിലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. വടക്കേക്കോട്ട, എസ് എൻ ജംഗ്ഷൻ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകൾ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും. ഇനി തൃപ്പുണിത്തുറ ടെർമിനൽ സ്റ്റേഷൻ മാത്രമാണ് പൂർത്തിയാവാനുള്ളത്. രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും ഉടൻ തുടക്കം കുറിക്കും.
English Summary: Central approval for metro development
You may like this video also