കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ, പ്രവാസി ഇന്ത്യക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികൾ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരുന്നത്. എന്നാൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനും, കുത്തക കമ്പനികൾക്കും, മുതലാളിമാർക്കും, ധനികർക്കും നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കൊടുക്കാൻ ഒരു മടിയും കാണിയ്ക്കാത്ത കേന്ദ്ര ധനമന്ത്രി, പ്രവാസികളായ കോടിക്കണക്കിന് ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം തന്നെ മറന്ന പോലെയാണ് ബജറ്റ് അവതരിപ്പിച്ചത്.
പേരിനു പോലും ഒരു പദ്ധതിയോ അനുകൂല്യമോ പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിയ്ക്കാൻ തയ്യാറായില്ല എന്നത് ഞെട്ടിയ്ക്കുന്ന വസ്തുതയാണ്. പ്രവാസികൾക്കായി, പുതിയ പുനരധിവാസപദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല എന്ന് മാത്രമല്ല, പ്രവാസിക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെയ്ക്കാൻ പോലും തയ്യാറാകാത്തത് ഏറെ നിരാശാജനകമാണ്.
പ്രധാനമന്ത്രി മോഡി പ്രവാസിദിവസ് അനുബന്ധിച്ചു നടത്തിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉൾകൊള്ളിയ്ക്കാൻ തയാറാകാത്ത സർക്കാർ, പ്രവാസികളോട് മാപ്പ് പറയുകയാണ് വേണ്ടത്.
ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ചു ഓർക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല എന്നത് വളരെ വേദനാജനകമാണ്. നിരന്തരം വർദ്ധിയ്ക്കുന്ന ഇന്ധന വിലവർദ്ധനവ് കുറയ്ക്കാനോ, വിമാനയാത്ര നിരക്കുകളിൽ ഇളവ് വരുത്താനോ ഉള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല.
സാധാരണ ഇന്ത്യക്കാരന് ഗുണകരമായ ഒന്നും ഇല്ലാത്ത, സമ്പന്നർക്ക് വേണ്ടി മാത്രമുള്ള ചിന്തകൾ നിറഞ്ഞ, ഒരു വരണ്ട കേന്ദ്രബജറ്റ് അവതരിപ്പിച്ചതിൽ നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദും പത്രകുറിപ്പിലൂടെ അറിയിച്ചു.
English Summary: Central budget that forgot the expatriates: Nav Yug protested
You may also like this video