സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിര്‍ണായക യോഗം ഇന്ന്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സ്വീകരിക്കുന്ന തുടര്‍നടപടികള്‍ യോഗത്തില്‍ തീരുമാനമായേക്കും. സിസിഎസ് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഏഴാം നമ്പര്‍ വസതിയിലാണ് യോഗം ചേര്‍ന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കര — വ്യോമ — നാവിക സേനാ തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതിഗതികളും സൈന്യത്തിന്റെ തയ്യാറെടുപ്പുകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യോഗം വിലയിരുത്തിയത്. പാകിസ്ഥാനെതിരെ സൈനിക നടപടിയിലേക്ക് നീങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിക്കുന്നു എന്നാണ് യോഗം നല്‍കുന്ന സൂചന.
കഴിഞ്ഞയാഴ്ച ചേര്‍ന്ന സിസിഎസ് യോഗം പാകിസ്ഥാനെതിരെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിക്കല്‍, നയതന്ത്ര ബന്ധം കുറയ്ക്കല്‍, പാകിസ്ഥാനികളുടെ വിസ റദ്ദാക്കി മടക്കി അയയ്ക്കല്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ യോഗം എടുത്തത്. പാകിസ്ഥാനെതിരെ അന്താരാഷ്ട്ര പിന്തുണ ആര്‍ജിക്കാനും സ്വയം തയ്യാറെടുപ്പുകള്‍ക്കുള്ള സാവകാശവുമാണ് ഇന്ത്യ തേടിയതെന്ന വാര്‍ത്തകളുമുണ്ട്. സിസിഎസ് യോഗത്തോടൊപ്പം കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയും സാമ്പത്തികകാര്യ സമിതിയും ഇന്ന് സമ്മേളിക്കും. പഹല്‍ഗാം അക്രമണത്തിന് ഇന്ത്യ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ നിന്നും ഗ്രാമീണരെ മാറ്റുകയും ജമ്മു കശ്മീരിലെ റിസോര്‍ട്ടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടുകയും ചെയ്തു. പാകിസ്ഥാന്‍ കേന്ദ്രമായ 16 യുട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ അസിഫിന്റെ എക്സ് അക്കൗണ്ടും നിരോധിച്ചു. മന്ത്രി നല്‍കിയ അഭിമുഖത്തിലെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.

