Site iconSite icon Janayugom Online

വിദേശപഠനത്തിന് കേന്ദ്ര നിയന്ത്രണം; ചെെനയിലെ പഠനത്തില്‍ വിലക്കുമായി യുജിസി

doctorsdoctors

ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനു പോകുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം നടപടികള്‍ തുടങ്ങി. ഇതിനു മുന്നോടിയായി ചെെനയില്‍ പഠനം നടത്തുന്നതിനെതിരെ വിലക്കുമായി യുജിസി രംഗത്തിറങ്ങി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസിയുടെ ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടുണ്ട്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിനിടെ പതിനെണ്ണായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ വളരെ ബുദ്ധിമുട്ടേറിയ ശ്രമം നടത്തേണ്ടിവന്ന പശ്ചാത്തലത്തിലാണ് വിദേശപഠനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. വിദേശപഠനം വഴിയുള്ള മസ്തിഷ്കചോര്‍ച്ച, ഇതിനുവേണ്ടി വിദേശരാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് എന്നിവയും പുനര്‍വിചിന്തനത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം.

ലോകത്ത് ഏറ്റവുമധികം പ്രവാസികള്‍ ഇന്ത്യക്കാരാണ്, 3.41 കോടി. വിദേശപഠനത്തിനു പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ പ്രതിവര്‍ഷം കുതിച്ചുയരുന്നതില്‍ നിന്നും പുതുതലമുറയും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. ഇന്ത്യയില്‍ ലോകോത്തരമായ വിദ്യാഭ്യാസ നിലവാരത്തിന്റെ അപര്യാപ്തത, നാട്ടില്‍ ജോലി ലഭിക്കാനുള്ള വിരളമായ സാധ്യതകള്‍ എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദേശത്തുപോയി പഠിക്കാനും വിദേശത്തുതന്നെ ജോലി തരപ്പെടുത്താനും പ്രേരിപ്പിക്കുന്നത്.

അതേസമയം പാശ്ചാത്യരാജ്യങ്ങളിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനു പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിസമര്‍ത്ഥരാണ്. അവര്‍ വിദേശത്തു തന്നെ പണിയെടുക്കുന്നതിനാല്‍ പ്രതിഭകളുടെ മസ്തിഷ്കചോര്‍ച്ചയാണുണ്ടാകുന്നത്. ഒപ്പം തന്നെ പഠനനിലവാരത്തില്‍ തുലോം പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ചെെന, ഉക്രെയ്ന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തുന്ന ഇവര്‍ക്ക് ഇന്ത്യയിലെ താരതമ്യേന മെച്ചപ്പെട്ട നിലവാരമുള്ള വിദ്യാര്‍ത്ഥികളുമായി തൊഴില്‍ വിപണിയില്‍ മത്സരിച്ചു ജയിക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ചെെനയില്‍ പഠനം പൂര്‍ത്തിയാക്കിയെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ പ്രതിസന്ധി നേരിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ചെെനയിലെ പഠനം വിലക്കിക്കൊണ്ട് യുജിസി നടപടികളാരംഭിച്ചത്. യുജിസി ചെയര്‍മാന്‍ ഡോ. എം ജഗദേഷ് കുമാറാണ് കഴിഞ്ഞ ദിവസം ചെെനീസ് സര്‍വകലാശാലകളിലെ പഠനം വഴി കബളിപ്പിക്കപ്പെടരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ ചെെനയിലേക്ക് ഇപ്പോള്‍ സഞ്ചാരവിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, അവരില്‍ നല്ലൊരു പങ്കും മലയാളികള്‍, ചെെനയില്‍ നിന്നും നേടുന്ന ഓണ്‍ലെെന്‍ കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം നിഷേധിച്ചുകൊണ്ട് കഴിഞ്ഞദിവസം ഉത്തരവുമിറക്കി. യുജിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ചെെനീസ് ഓണ്‍ലെെന്‍ കോഴ്സുകള്‍ക്ക് ചേരരുതെന്ന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലെെന്‍ കോഴ്സുകള്‍ക്ക് യുജിസിക്ക് പുറമെ എഐസിടിഇയും അംഗീകാരം നിഷേധിച്ചിട്ടുണ്ട്.

വിദേശപഠനം: ചെലവിടുന്നത് അരലക്ഷം കോടി

വിദേശപഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും പ്രതിവര്‍ഷം ചെലവിടുന്നത് അരലക്ഷം കോടി രൂപയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര കുടിയേറ്റകാര്യ സംഘടന ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. 2016ല്‍ 4.4 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശരാജ്യങ്ങളില്‍ പഠനം നടത്തിയിരുന്നതെങ്കില്‍ 2019ല്‍ അത് 7.7 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ അത് 11 ലക്ഷം കവിഞ്ഞിരിക്കുന്നു. 2024 ആകുമ്പോഴേക്ക് അത് 18 ലക്ഷ്യമായി ഉയരുമെന്നും യുഎന്‍ സംഘടന പ്രവചിക്കുന്നു.

Eng­lish Summary:Central con­trol over study abroad; UGC bans study in China
You may also like this video

Exit mobile version