Site iconSite icon Janayugom Online

ലക്ഷദ്വീപിൽ കേന്ദ്രദ്രോഹം തുടരുന്നു

ലക്ഷദ്വീപ് അത്‌ലറ്റിക്സ് അസോസിയേഷന് നൽകി വന്ന ഫണ്ട് അഡ്മിനിസ്ട്രേറ്റർ നിർത്തലാക്കി. ഇതോടെ, നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ മികവ് തെളിയിച്ച കായിക പ്രതിഭകളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളി അസോസിയേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. കുടിശികയായ ഫണ്ട് അനുവദിക്കുകയോ സ്പോൺസർമാർ മുന്നോട്ട് വരികയോ ചെയ്തില്ലെങ്കിൽ കായിക ലോകത്ത് ലക്ഷദ്വീപിന്റെ യശസുയർത്തിയ അത്‌ലറ്റുകൾക്കും അസോസിയേഷനും വലിയ തിരിച്ചടിയാകും. കായിക രംഗത്തോടുള്ള അവഗണന തുടരുന്നതിനാൽ, അത്‌ലറ്റുകളുടെ ഭാവി മുന്നിൽക്കണ്ട് അവരെ മറ്റ് സംസ്ഥാനങ്ങൾ മുഖേന ദേശീയ മീറ്റുകളിൽ പങ്കെടുപ്പിക്കണമെന്ന അഭിപ്രായമാണ് ദ്വീപിലെ വിവിധ തലങ്ങളിൽ നിന്നുയരുന്നത്. അത്‌ലറ്റിക്സിൽ ആദ്യമായി രാജ്യാന്തര മെഡൽ ദ്വീപിലേക്ക് കൊണ്ടുവന്ന പ്രതിഭയെന്ന ബഹുമതി നേടിയ ലോങ് ജമ്പ് താരം മുബസിന മുഹമദ് അടക്കമുള്ള കായിക താരങ്ങളും മറ്റ് മാർഗങ്ങൾ അന്വേഷിച്ചു വരികയാണ്. സംഘ്പരിവാറുകാരനായ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത് മുതൽ വിവിധ മേഖലകളിൽ തുടർച്ചയായി അടിച്ചേല്പിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഭാഗമാണ് കായിക മേഖലയ്ക്ക് നൽകി വന്ന ധനസഹായം നിഷേധിക്കുന്ന നടപടിയും.

ദേശീയ കായിക മീറ്റുകളിൽ ദ്വീപിലെ താരങ്ങളെ പങ്കെടുപ്പിക്കാൻ അത്‌ലറ്റിക്സ് അസോസിയേഷന് വലിയ ചെലവാണ് വഹിക്കേണ്ടി വരുന്നത്. ഇതിന് സഹായകമാകും വിധം ഫണ്ട് നൽകി വന്നത് ലക്ഷദ്വീപ് അധികൃതരാണ്. ഈ സഹായം നിർത്തലാക്കുകയും വലിയ തുക കുടിശികയാവുകയും ചെയ്തതോടെയാണ് ദൈനം ദിന പ്രവർത്തനങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത വിധത്തിൽ അസോസിയേഷൻ പ്രതിസന്ധിയിലായത്. കഴിഞ്ഞ മീറ്റുകളിൽ കായിക താരങ്ങളെ പങ്കെടുപ്പിച്ചതിലൂടെ വലിയ സാമ്പത്തിക ബാധ്യതയും നേരിടുന്നുണ്ട്. ദ്വീപ് ജനതയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെല്ലാം അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കുന്ന നടപടി കായിക രംഗത്തെയും പിടികൂടിയിരിക്കുകയാണെന്ന് സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജ്മുദ്ദീൻ കുറ്റപ്പെടുത്തി.

Exit mobile version