Site iconSite icon Janayugom Online

ഫണ്ട് നിഷേധിച്ച് കേന്ദ്രസർക്കാർ; സമഗ്രശിക്ഷയിൽ ശമ്പളം മുടങ്ങുന്നു

കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തതിനെത്തുടർന്ന് ‘സമഗ്രശിക്ഷ കേരളം’ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും രണ്ട് മാസമായി ശമ്പളം മുടങ്ങുന്നു. പദ്ധതിക്ക് 2023–24 മുതൽ ലഭിക്കേണ്ട 1504.82 കോടി രൂപ നിലവിൽ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലെ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സമഗ്രശിക്ഷ. ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാന സർക്കാരിന്റെയും വിഹിതമാണ്. എല്ലാ മാസവും ഒന്നാം തീയതി മറ്റുജീവനക്കാർക്കൊപ്പം കിട്ടിക്കൊണ്ടിരുന്ന ശമ്പളമാണ് രണ്ട് മാസമായി മുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ വിഹിതം സമയബന്ധിതമായി ലഭ്യമാകുന്നതിനാലാണ് സംസ്ഥാനത്ത് പ്രധാന സമഗ്രശിക്ഷ പദ്ധതികൾ മുടങ്ങാത്തത്. കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് മേയ് മാസത്തിലും വന്നില്ല. അതിനാൽ സംസ്ഥാന വിഹിതവും വരും മാസങ്ങളിലെ വിഹിതത്തിൽനിന്ന് മുൻകൂറായി എടുത്ത തുകയുംകൊണ്ടാണ് ശമ്പളം കൊടുത്തത്.
സംസ്ഥാനതല ഉദ്യോഗസ്ഥർ, ജില്ലാ കോ–ഓർഡിനേറ്റർമാർ (14), ജില്ലാ പ്രോജക്ട് ഓഫിസര്‍മാർ (60), ബ്ലോക്ക് പ്രോജക്ട് കോ–ഓർഡിനേറ്റർമാർ (168), പരിശീലകർ (500), സിആർസിമാർ (1344), സ്പെഷ്യലിസ്റ്റ് അധ്യാപകർ (600), ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിയമിച്ചസ്പെഷ്യൽ എഡ്യൂക്കേറ്റർമാർ (2886), ഓഫിസ് സ്റ്റാഫ് (800) എന്നിവരടക്കം ഏകദേശം ഏഴായിരത്തോളം പേർ സമഗ്രശിക്ഷ കേരളത്തിൽ ജോലിചെയ്യുന്നുണ്ട്. 

സ്കൂളുകൾ നേരിട്ട് ശമ്പളം നൽകുന്ന സിആർസിമാർ ഒഴികെയുള്ളവർക്ക് രണ്ടുമാസമായി ശമ്പളമില്ല. രണ്ട് മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ദുരിതത്തിലാണ് ജീവനക്കാർ. ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മമാർ തന്നെയാണ് തുശ്ചമായ ശമ്പളത്തിൽ ഇവിടെ ആയമാരായി ജോലി ചെയ്യുന്നതും. ശമ്പളം മുടങ്ങിയതോടെ ഒട്ടനവധി കുടംബങ്ങളാണ് പ്രതിസന്ധിയിലായത്. സ്കൂളുകളിൽനിന്ന് ഡെപ്യൂട്ടേഷനായി പോകുന്ന അധ്യാപകരാണ് സ്ഥിരം ജീവനക്കാരായി സമഗ്രശിക്ഷ കേരളയിലുള്ളത്. സ്കൂളുകളിൽ അധ്യാപക തസ്തിക ഇല്ലാതാകുമ്പോൾ സംരക്ഷിത ആനുകൂല്യമുള്ള അധ്യാപകരും ഇതിലുണ്ട്. ഡെപ്യൂട്ടേഷനിലും സംരക്ഷിത ആനുകൂല്യത്തിലും എസ് എസ് കെ യിലേക്ക് പോകുമ്പോൾ ഇവരെ സംസ്ഥാനസർക്കാരിന്റെ ശമ്പള വിതരണ പോർട്ടലായ സ്പാർക്കിൽനിന്ന് ഒഴിവാക്കും. സ്ഥിരം ജീവനക്കാരെ കൂടാതെ കരാർ, ദിവസവേതന ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 

Exit mobile version