Site iconSite icon Janayugom Online

കാവിവല്‍ക്കരണം പൂര്‍ണമാക്കാന്‍ ചരിത്രം തിരുത്തുന്നു

രാജ്യത്തെ ചരിത്ര രേഖകളുടെ കാവിവല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചരിത്രം തന്നെ വളച്ചൊടിക്കുന്നു. ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുമെന്നും അത് തടയാൻ ആർക്കുമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചു. യൂറോപ്യന്‍ കാഴ്ചപ്പാടിലുള്ള ചരിത്രമാണ് നിലവിലുള്ളതെന്നും രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം തയാറായി വരികയാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പ്രസ്താവിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അത് സ്ഥിരീകരിച്ചത്. കൊളോണിയൽ കാലത്ത് ഗൂഢാലോചനയുടെ ഭാഗമായി എഴുതപ്പെട്ട ചരിത്രത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ നമ്മുടെ പൈതൃകങ്ങളെയും രേഖപ്പെടുത്താതെ പോയ ധീരരെയും സ്മരിച്ചുകൊണ്ട് കഴിഞ്ഞകാല തെറ്റുകൾ തിരുത്തുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

അസമില്‍ ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷിക ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. ഇന്ത്യയുടെ യഥാർത്ഥ ചരിത്രം സ്ഥാപിക്കപ്പെടുമെന്നും നുണകൾ സ്വയമേവ അവസാനിക്കുമെന്നുമാണ് അമിത്ഷാ പറഞ്ഞത്. ഇന്ത്യയുടെ മഹത്തായ ചരിത്രം പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. മാതൃരാജ്യത്തിന് വേണ്ടി പോരാട്ടവീര്യം പ്രകടിപ്പിച്ച 30 മഹത്തായ നാട്ടുരാജ്യങ്ങളെയും 300 യോദ്ധാക്കളെയും കുറിച്ച് ഗവേഷണം നടത്തി എഴുതാൻ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാ പറഞ്ഞു. നെഹ്രുവിനെയും ഗാന്ധിയെയും തമസ്കരിക്കാനും സവര്‍ക്കറെയും ഗോഡ്സെയെയും മഹത്വവല്‍ക്കരിക്കാനും മോഡി സര്‍ക്കാര്‍ ഭരണത്തിലെത്തിയതു മുതല്‍ ശ്രമം നടത്തുകയാണ്. ‘ഇന്ത്യയുടെ സമഗ്ര ചരിത്രം’ എന്ന പേരിൽ 12–14 വാല്യങ്ങളുള്ള രചന പൂര്‍ത്തിയായി വരികയാണെന്ന് ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി ഉമേഷ് കദം രണ്ടു ദിവസം മുമ്പാണ് വെളിപ്പെടുത്തിയത്. നൂറിലേറെ ചരിത്രകാരന്മാർ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഐസിഎച്ച്ആർ വെളിപ്പെടുത്തിയിരുന്നു.

ചരിത്രത്തെ അവഹേളിക്കല്‍: ബിനോയ് വിശ്വം എംപി

ചരിത്രം പുനരാലേഖനം ചെയ്യണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആഹ്വാനം ചരിത്രപരമായ സദാചാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ബിനോയ് വിശ്വം എംപി. സവർക്കറെ മഹത്വവല്‍ക്കരിക്കാനും നെഹ്രുവിനെ അപകീർത്തിപ്പെടുത്താനുമുള്ള നീക്കമാണ്. സത്യത്തെ വളച്ചൊടിച്ച് ഇന്ത്യ എന്ന ആശയത്തെ തകർക്കാനുള്ള ആഹ്വാനമാണിത്. യഥാര്‍ത്ഥ ചരിത്രകാരന്മാർ അപമാനിക്കപ്പെടുകയാണെന്ന് ബിനോയ് വിശ്വം ട്വീറ്റ് ചെയ്തു.

Exit mobile version