Site iconSite icon Janayugom Online

ഇ കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ഉല്പന്നം ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കുന്ന സംവിധാനത്തില്‍ ഉപഭോക്താക്കളില്‍ നിന്നും വളഞ്ഞ വഴിയില്‍ കൊള്ള ചെയ്യുന്ന ഇ കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം. ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ പെരുകിയപ്പോള്‍ മാത്രമാണ് കേന്ദ്ര ഇടപെടല്‍. രാജ്യത്തെ ഇ കൊമേഴ്‌സ് മേഖലയിലെ കച്ചവട തോത് വന്‍തോതില്‍ വര്‍ദ്ധിച്ചെങ്കിലും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചിരുന്നത്. ഔര്‍ഡര്‍ ചെയ്ത് ഉല്പന്നം കിട്ടാതെ വന്ന നിരവധി പരാതികള്‍ ഈ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്പന്നം അവരുടെ കൈകളില്‍ എത്തിയ ശേഷം പണം നല്‍കിയാല്‍ മതിയെന്ന പുതിയ വ്യവസ്ഥ (ക്യാഷ് ഓണ്‍ ഡെലിവറി) സംവിധാനം ഇ കൊമേഴ്‌സുകാര്‍ നടപ്പിലാക്കിയത്.

ഇ കൊമേഴ്‌സില്‍ സാധാരണ നിലയില്‍ വാങ്ങുന്ന സാധനങ്ങളുടെ വില മുന്‍കൂറായി ഒടുക്കും. സിഒഡി പ്രകാരം വാങ്ങുന്ന സാധനം കൈവശം ലഭിച്ചശേഷം മാത്രം പണം നല്‍കിയാല്‍ മതി. മുന്‍കൂര്‍ പണം വാങ്ങി നീക്കുപോക്കുകള്‍ സൃഷ്ടിച്ച കമ്പനികള്‍ നടത്തുന്ന ക്രമക്കേടുകളില്‍ നിരവധി പരാതികള്‍ ഉയരാറുണ്ടെങ്കിലും അവയൊന്നും നിയമപരമായി ഉപഭോക്താക്കള്‍ പരാതിയായി ഉയര്‍ത്താറില്ല. ഇതിന്റെ സൗജന്യമാണ് ഇത്തരം കമ്പനികള്‍ നേട്ടമാക്കി മാറ്റിയത്.

ഇ കൊമേഴ്‌സ് കമ്പനികള്‍ ചുക്കും ചുണ്ണാമ്പും ഓണ്‍ലൈനായി വിറ്റഴിച്ചതോടെ രാജ്യത്തെ സാധാരണക്കാരായ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. എംആര്‍പി എന്ന വിലയിനത്തില്‍ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പകരം മറ്റു വഴികളില്‍ ഇതിനു തുല്യം തുകയോ അതിലധികമോ വിവിധ ചാര്‍ജ്ജിനത്തില്‍ കച്ചവടം കൊഴുപ്പിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. മുഖ്യമായും ഭക്ഷണ വിതരണക്കാരായ കമ്പനികള്‍ മഴ അടക്കമുള്ള കാരണങ്ങളുടെ പേരില്‍ അധിക ചാര്‍ജ് ഏര്‍പ്പെടുത്തുമ്പോള്‍ മറ്റു ചില കമ്പനികള്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ കൈകാര്യം ചെയ്യാനും സിഒഡി പ്രകാരം നല്‍കുന്ന പണം കൈകാര്യം ചെയ്യാനും തുക ഈടാക്കും. പലപേരില്‍ പല വിധത്തിലാണ് ഇ കൊമേഴ്‌സിന്റെ ഈ തട്ടിപ്പ്. 

ഇതിനെതിരെയാണ് വൈകിയെങ്കിലും കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഇ കൊമേഴ്‌സുകളുടെ കള്ളക്കളികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നടത്തിയ തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി സാമുഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. 

Exit mobile version