Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍; രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമ സംഭവങ്ങളുണ്ടായി

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം നടക്കുന്നുണ്ടെന്നത് ശരിവച്ച് കേന്ദ്ര സര്‍ക്കാര്‍. ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ പ്രകാരം ഹര്‍ജിക്കാര്‍ ഉന്നയിച്ചരീതിയില്‍ വ്യാപകമായി അക്രമം നടക്കുന്നില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ അക്രമം സംബന്ധിച്ച് സമര്‍പ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചത്. 500 അക്രമങ്ങളുടെ കണക്കാണ് മുന്നോട്ടു വച്ചിരിക്കുന്നത്. പരസ്പരമുണ്ടാകുന്ന സാധാരണ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും ഹര്‍ജിക്കാര്‍ പട്ടികയില്‍ പെടുത്തിയെന്ന വാദമാണ് മേത്ത മുന്നോട്ടു വച്ചത്. രാജ്യത്ത് ക്രിസ്ത്യന്‍ വിഭാഗം ഭീഷണി നേരിടുന്നെന്ന സന്ദേശമാണ് അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാത്രി വൈകി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ എന്താണെന്നത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് എന്തെന്നറിഞ്ഞ ശേഷമേ മറുവാദം ഉന്നയിക്കാനാകൂ എന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിംഹ, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു രൂപതാ ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കു നേരെ വ്യാപകമായ അക്രമങ്ങളും ഒപ്പം കടുത്ത വിദ്വേഷ പ്രസംഗങ്ങളും രാജ്യത്തുണ്ടാകുന്നതായി പൊതു താല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish sum­ma­ry: Cen­tral Gov­ern­ment in the Supreme Court; There have been inci­dents of vio­lence against Chris­tians in the country

You may also like this video

Exit mobile version