Site iconSite icon Janayugom Online

വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ ; ലംഘിച്ചാൽ തടവ് ശിക്ഷ

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും സർക്കാർ ചടങ്ങുകളിലും ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി. ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് നൽകുന്ന അതേ ആദരവും പദവിയും വന്ദേമാതരത്തിനും നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ നിർണായക നടപടി.

സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിക്കണം. പത്മ പുരസ്കാര വിതരണം, രാഷ്ട്രപതിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ എന്നിവയിൽ വന്ദേമാതരം നിർബന്ധമാണ്. സിനിമാ തിയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും ഗാനം ആലപിക്കണം. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. എന്നാൽ തിയേറ്ററുകളിൽ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാക്കിയിട്ടില്ല.

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങളാണ് നിലവിൽ ദേശീയ ഗീതമായി ഔദ്യോഗികമായി ആലപിച്ചു വരുന്നത്. എന്നാൽ പുതിയ നിര്‍ദേശമനുസരിച്ച് ബാക്കിയുള്ള ചരണങ്ങൾക്കും പ്രാധാന്യം നൽകാനാണ് കേന്ദ്ര നീക്കം. ദേശീയ ഗീതത്തെയോ ദേശീയ ഗാനത്തെയോ അപമാനിക്കുകയോ, അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പുതിയ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 

Exit mobile version