Site iconSite icon Janayugom Online

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ കഠിനം; പെറ്റ് ഷോപ്പുകൾ പ്രതിസന്ധിയിൽ

pet shoppet shop

കേന്ദ്രസർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ മൂലം പെറ്റ് ഷോപ്പുകൾ ഉടമകൾ പ്രതിസന്ധിയിൽ. പെറ്റ് ഷോപ്പുകൾ പ്രൊഫഷണൽ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏർപ്പെടുത്തിയ നിബന്ധനകൾ ഏപ്രിൽ മാസത്തിൽ നിലവിൽ വരും. ഇതിനായി കട ഉടമകള്‍ വൻ തുക തന്നെ കണ്ടെത്തേണ്ടി വരും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും.

സംസ്ഥാനത്ത് കൂടുതൽ വളർത്തുമൃഗ വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. കോവിഡ് പ്രതിസന്ധികളിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി യുവതീ യുവാക്കൾ ഈ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ട്. വർഷത്തിൽ 20, 000 ത്തോളം രൂപയാണ് നികുതി ഇനത്തിൽ നിലവിൽ കച്ചവടക്കാർ അടയ്ക്കേണ്ടത്. ഇതിന് പുറമെയാണ് പുതിയ ചട്ടപ്രകാരം ലൈസൻസ് ഫീസും വരുന്നത്. 5,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

സംസ്ഥാന മൃഗക്ഷേമ ബോർഡിലാണ് ഫീസ് അടയ്ക്കേണ്ടത്. അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിന് ഫിഷറീസ് വകുപ്പിൽ നിന്ന് ഫീസ് അടച്ച് അനുമതി വാങ്ങണം. നിയമത്തിൽ പറയുന്ന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങൾ വേറെയും വേണ്ടിവരും. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഫീസും നൽകണം. ഷോപ്പുകളിൽ പാർപ്പിക്കുന്ന മൃഗങ്ങൾക്ക് മതിയായ സ്ഥലസൗകര്യവും ഉറപ്പാക്കണം. തീപ്പിടിത്തമുണ്ടായാൽ അവ തടയാനുള്ള സംവിധാനവും വേണം.

ഒരേ വർഗത്തിലും ഇനത്തിലും പ്രായത്തിലുമുള്ള മൃഗങ്ങളെയും പക്ഷികളെയും മാത്രമേ ഒരുമിച്ചു പാർപ്പിക്കാവൂ. വിൽക്കുന്ന മൃഗങ്ങൾക്ക് ആരോഗ്യമുണ്ടെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തണം. പെറ്റ് ഷോപ്പുകളിൽ രാത്രിപരിചരണത്തിനും ആളുണ്ടാകണം. ജീവനക്കാർക്ക് പരിശീലനം നിർബന്ധമാണ്. വിൽക്കുന്ന ഓരോ നായക്കുട്ടിക്കും വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

രാത്രിപരിചരണത്തിന് ആളെ നിയമിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഉടമകൾ പറയുന്നത്. വളർത്തുമൃഗങ്ങളും പക്ഷികളുമെല്ലാം ആരോഗ്യമുള്ളവയാണെന്ന് ഉറപ്പാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ജീവികൾക്ക് കേന്ദ്ര മാനദണ്ഡപ്രകാരമുള്ള സ്ഥലം ഉറപ്പാക്കണമെങ്കിൽ നിലവിലുള്ള കടകളിൽ ഭൂരിഭാഗവും മാറ്റിസ്ഥാപിക്കേണ്ടിവരും. കടകളിൽ കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങൾ അതേപടി പാലിച്ചാൽ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന് ഉടമകൾ പറയുന്നു.

Eng­lish Sum­ma­ry: Cen­tral gov­ern­ment norms are strict; Pet shops in crisis

You may like this video also

Exit mobile version