Site iconSite icon Janayugom Online

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണം: മന്ത്രി വി ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളയ്ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം നവംബർ മാസത്തിലാണ് ഫണ്ട് ലഭ്യമായത്. 2025–26 വർഷത്തിൽ അനുവദിച്ചിട്ടുള്ള 456 കോടി രൂപയിൽ, ഒന്നാം ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സർക്കാർ റിലീസ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. 2023–24 മുതൽ ഈ ഇനത്തിൽ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. 2023–24 വർഷത്തെ മൂന്നാം ഗഡു മുതൽ 2025–26 ഉൾപ്പെടെ ആകെ 1158 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തത്തിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്. 

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ലഭിക്കുന്ന ഫണ്ട് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ, ഈ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള യാത്രാനുകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെയും, ഔട്ട് ഓഫ് സ്കൂൾ കുട്ടികളുടെയും പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ ചെലവുകൾ, സ്കൂൾ മെയിന്റനൻസ് എന്നിവയുടെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. കൂടാതെ, സമഗ്രശിക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 169 ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സെന്ററിലും ശരാശരി 60 കുട്ടികൾക്ക് വീതം സേവനം ലഭിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സൗജന്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ആയമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
നിലവിൽ അധ്യാപകർ ഉൾപ്പെടെ 6870 ജീവനക്കാർ എസ്എസ്‌കെയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കാതിരുന്ന കഴിഞ്ഞ രണ്ടര വർഷവും, പദ്ധതി പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള പണം മുടങ്ങാതെ നൽകിയത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Exit mobile version