Site iconSite icon Janayugom Online

ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ottott

കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റില്‍ ഓവര്‍ ദ ടോപ് (ഒടിടി) പ്ലാറ്റ്ഫോം ആരംഭിക്കും. ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ കാര്യങ്ങള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുകയെന്ന് അധികൃതര്‍ പറയുന്നു.
ദൂരദര്‍ശന്‍, ആകാശവാണി തുടങ്ങിയ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ നിര്‍ത്തുകയും പ്രചരണായുധമാക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതും അതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് പുറത്തുവരുന്ന വിവരം.
സ്വകാര്യ ഒടിടികളായ നെറ്റ്ഫ്ലിക്സ്, ഹോട്സ്റ്റാര്‍, ആമസോണ്‍ എന്നിവയോട് മത്സരിക്കുന്ന തരത്തിലുള്ള പ്ലാറ്റ്ഫോമായിരിക്കുമെന്നും കുടുംബസമേതം കാണാവുന്ന പരിപാടികളായിരിക്കും സ്ട്രീം ചെയ്യുകയെന്നും പ്രസാര്‍ ഭാരതിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ പല ഒടിടികളിലും മോശം ഉള്ളടക്കവും അസഭ്യ സംഭാഷണങ്ങളുമാണുള്ളത്. അതുകൊണ്ട് സഭ്യമായതും ഇന്ത്യയുടെ സാംസ്കാരിക‑ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കുടുംബവുമൊത്ത് കാണാവുന്നതുമായ പരിപാടികളായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഒടിടിയില്‍ ഉണ്ടായിരിക്കുക എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിനോദ പരിപാടികള്‍ മാത്രമല്ല വിജ്ഞാനപ്രദമായ കാര്യങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയൊക്കെ സിനിമകളും പരിപാടികളും സ്ട്രീം ചെയ്യണമെന്നതുസംബന്ധിച്ച പട്ടിക പ്രസാര്‍ഭാരതി തയ്യാറാക്കിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്ന ശ്രീ അധികാരി ബ്രദേഴ്സ്, കേരളാ സ്റ്റോറിയുടെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ വിപുല്‍ഷാ നടന്‍ കബീര്‍ ബേഡി തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ഇവരുമായി പ്രസാര്‍ഭാരതി ആശയവിനിമയം നടത്തുകയും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തുവെന്നത് പദ്ധതിയുടെ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തുന്നു. 

Eng­lish Sum­ma­ry: Cen­tral gov­ern­ment to start OTT plat­form to spread Hinduism

You may also like this video

Exit mobile version