കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992ൽ ഡിപിഇപി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയത്. അവിടുത്തെ വിദ്യാർത്ഥികൾക്ക് അടുത്തുള്ള സ്കൂളുകളിലേക്ക് സൗജന്യ യാത്രാ സൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏതെങ്കിലും ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടിയതായി തെളിയിക്കാൻ സാധിക്കുമോ എന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾ മന:പൂർവം ആണെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

