Site icon Janayugom Online

നെഹ്രു മ്യൂസിയത്തിന്റെ പേരും മാറ്റി കേന്ദ്രസര്‍ക്കാര്‍

നെഹ്‌റു മ്യൂസിയത്തിന്റെ പേരു മാറ്റി. കോണ്‍ഗ്രസും ബി ജെ പിയും തുറന്ന വാക്‌പോരില്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ തീര്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രററിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്റ് ലൈബ്രററി എന്നാക്കി മാറ്റാനാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനമെടുത്തത്. മ്യൂസിയത്തിന്റെ ചുമതലയുള്ള എന്‍എംഎംഎല്‍എസ് സൊസൈറ്റിയുടെ ഉപാദ്ധ്യക്ഷനാണ് പ്രതിരോധമന്ത്രി. പ്രധാനമന്ത്രിയാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍.
ബ്രീട്ടീഷ് കോളനി വാഴ്ച കാലത്ത് ഇന്ത്യയിലെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. നെഹ്‌റു 16 വര്‍ഷം താമസിച്ച ഈ വസതി ഇന്ദിരാഗാന്ധിയുടെ കാലത്താണ് മ്യൂസിയമായി മാറുന്നത്. നെഹ്‌റു പ്ലാനറ്റോറിയം, പ്രധാനമന്ത്രി സംഗ്രഹാലയ ഉള്‍പ്പെടെയുള്ളവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കുമായി പ്രധാനമന്ത്രി സംഗ്രഹാലയ എന്നത് രൂപീകൃതമാകുന്നത്.
നെഹ്‌റു മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചതാണ്. വ്യാഴാഴ്ച ചേര്‍ന്ന സൊസൈറ്റിയുടെ പ്രത്യേക യോഗത്തില്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് പേരു മാറ്റുന്നകാര്യം അവതരിപ്പിച്ചത്. സൊസൈറ്റി വൈസ് ചെയര്‍മാന്‍ രാജനാഥ് സിങ് ഇതിനെ സ്വാഗതം ചെയ്തു. രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെയും പ്രതിനിധീകരിക്കുന്ന ഒന്നായി നെഹ്‌റു മ്യൂസിയത്തെ മാറ്റാനുള്ള നീക്കമായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. ഇതോടെയാണ് പേരുമാറ്റാനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായത്.
മ്യൂസിയത്തിന്റെ പേരു മാറ്റാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ചരിത്രം മായ്ച്ചുകളയാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ ആരോപിച്ചു.

eng­lish summary;Central Govt changed name of Nehru Museum

you may also like this video;

Exit mobile version