പിഎംശ്രീ വഴി എൻഇപി (ദേശീയ വിദ്യാഭ്യാസ പദ്ധതി) നടപ്പിലാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കൈവരിച്ച വിദ്യാഭ്യാസ നേട്ടങ്ങളെ പുതിയ പദ്ധതി തകർക്കും. മിത്തുകളേയും കെട്ടുകഥകളെയും അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതികൾ ഒരു തലമുറയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കും. അറിവിന്റെ വികാസമാണ് വിദ്യാഭ്യാസം എന്ന തത്വത്തെ ബലികഴിക്കും. വിദ്യാഭ്യാമില്ലാത്ത ജനതയെ ഫാസിസ്റ്റുവൽക്കരിക്കാൻ എളുപ്പമാണെന്ന് ആർഎസ്എസിന് അറിയാം. ചരിത്രം കെട്ടുകഥയാണെന്ന് അവർ പ്രചരിപ്പിക്കും. ഇതിന് ശക്തമായ ബദലാകാൻ ഇടതുപക്ഷത്തിനേ കഴിയുള്ളു. ഭരണം മാത്രമല്ല, നാട് പരിഷ്കൃതസമൂഹമായി തുടരാനും എൽഡിഎഫ് ശക്തിപ്പെടണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ഡി സജി, എൻ ശ്രീകുമാർ, കെ പി ഗോപകുമാർ, ഡോ. ഹാരിസ്, ഡോ. ഹരികുമാർ, കെ കെ സുധാകരൻ, എ പി ജയൻ, എസ് ജ്യോതി, പി എം ആശിഷ്, റെജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ റിപ്പോർട്ടും ട്രഷറർ കെ സി സ്നേഹശ്രീ കണക്കും അവതരിപ്പിച്ചു. വൈകിട്ട് പൊതുവിദ്യാഭ്യാസ റാലിക്ക് ശേഷം പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കെ കെ സുധാകരൻ അധ്യക്ഷനായി. ടി ടി ജിസ്മോൻ, പി കെ സുശീൽ കുമാർ, ഹോച്മിൻ, ബിജു, സി വി സ്വപ്ന, എം ഷൈൻലാൽ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ പ്രകാശ് എന്നിവര്‍ പ്രഭാഷണങ്ങൾ നടത്തും. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ ഏബ്രഹാം, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ എന്നിവർ പ്രസംഗിക്കും. ചർച്ചക്കുള്ള മറുപടി, ഭാവിപ്രവർത്തന രൂപരേഖ, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും.

