പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അഡാനിയെയും വേദാന്ത ഗ്രൂപ്പിനെയും സഹായിക്കുന്ന രീതിയില്‍ വെെകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എഴ് സ്ഥാപനങ്ങളെയാണ് കേന്ദ്രം ഇതിനായി പരിഗണിക്കുന്നത്. കുത്തക ഭീമന്‍മാരായ അഡാനിയും വേദാന്തയും സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ സ്വകാര്യവല്‍ക്കരണം വൈകിപ്പിച്ച് ഇരു കമ്പനികള്‍ക്കും ലഭ്യമാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
17 സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രം ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഡാനി- വേദാന്ത ഗ്രൂപ്പുകളുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായ സാഹചര്യത്തില്‍ ഏഴു കമ്പനികളുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഭാരത് പെട്രോളിയം, കണ്ടയ‌്നെര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (എന്‍എംഡിസി), ഷിപ്പിങ് കോര്‍പറേഷന്‍ എന്നിവ സ്വന്തമാക്കാന്‍ വേദാന്ത ഗ്രൂപ്പ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കണ്ടയ്നെര്‍ കോര്‍പറേഷന്‍, എന്‍എംഡിസി എന്നിവയില്‍ അഡാനി ഗ്രൂപ്പും കണ്ണ് വച്ചിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അഡാനി കമ്പനികളുടെ ഓഹരിവിലയില്‍ 60 ശതമാനം ഇടിവ് വന്നിരുന്നു. തുടര്‍ന്ന് സാമ്പത്തികത്തകര്‍ച്ച അഭിമുഖീകരിച്ച അഡാനി ഗ്രൂപ്പ് പതിയെ തിരിച്ചു കയറുകയാണെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായതിനാല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വന്തമാക്കി സാമ്പത്തിക തകര്‍ച്ച മറികടക്കാനുള്ള ശ്രമമാണ് അഡാനി ഗ്രൂപ്പ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഡാനി ഗ്രൂപ്പ് കമ്പനികള്‍ ഇപ്പോള്‍ നിക്ഷേപക മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. കമ്പനിയുടെ കടബാധ്യത കുറയ്ക്കുകയാണ് ആദ്യലക്ഷ്യമെന്നും അതിനുശേഷമാകും പൊതുമേഖല സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന നടപടിയിലേക്ക് നീങ്ങുകയെന്നും അഡാനി പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് കരണ്‍ അഡാനി കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയുടെ ഓഹരി വിറ്റഴിച്ച് അതില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പൊതുമേഖല കമ്പനികള്‍ ഏറ്റെടുക്കാനാണ് വേദാന്ത ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് ധനസമാഹരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2024ല്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
English Summary;Central move to transfer seven PSUs to Adani and Vedanta
You may also like this video