Site iconSite icon Janayugom Online

കേന്ദ്ര അവഗണന: ശക്തമായ പ്രക്ഷോഭം വേണം

കേരളം കണ്ട സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ ഭീകരതയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ജീവിതം ഉപയോഗിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ സങ്കുചിത രാഷ്ട്രീയമാണ് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം അനുവദിക്കാത്തതിലൂടെ പുറത്തുവരുന്നത്. ഉരുൾപൊട്ടലുണ്ടായതിന്റെ പതിനൊന്നാം ദിനം ദുരന്ത മേഖല സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കല്പറ്റ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രി നിർദേശിച്ച പ്രകാരം ദുരന്തത്തിൽ സംഭവിച്ച നഷ്ടവും ദേശീയ ദുരന്തനിവാരണ നിധി മാനദണ്ഡ പ്രകാരം സംസ്ഥാനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടാവുന്ന തുകയും തരംതിരിച്ചുള്ള നിവേദനം കേരളം നൽകുകയുണ്ടായി. എന്നാൽ കേരളത്തിന്റെ ആവശ്യത്തോട് അത്യന്തം നിഷേധാത്മകമായ സമീപനം സ്വീകരിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പതിവ് വിവേചനം തന്നെയാണ് ഇവിടെയും കാണുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട എറ്റവും വലിയ പ്രകൃതി ക്ഷോഭമായി അറിയപ്പെടുന്ന ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക’ത്തിന് ശേഷമുള്ള ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് ജൂലൈ 30ന് വയനാട് സാക്ഷ്യം വഹിച്ചത്. വീടും ഭൂമിയും മേൽവിലാസവുമെല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾ സംസ്ഥാന സർക്കാർ സമയബന്ധിതമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം കാലതാമസമില്ലാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്തി. കോവിഡ് ദുരന്തത്തിലെ ആശ്രിതർക്ക് നൽകിയതിന് സമാനമായ രീതിയിലാണ് അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാം വകുപ്പ് അനുസരിച്ച് ഉത്തരവിറക്കിയത്. 

ഒരു പ്രദേശത്തെ വലിയൊരു ശതമാനം ജനങ്ങളും നാമാവശേഷമാവുകയും മരിച്ചോ ഇല്ലയോ എന്ന് നിശ്ചയിക്കാൻ കഴിയാത്ത വിധത്തിൽ ചിലർ അപ്രത്യക്ഷരാവുകയും ചെയ്ത ഘട്ടത്തിൽ ശേഷിക്കുന്നവരെ ഒരുമിച്ച് താമസിപ്പിക്കുക എന്ന ആശയമാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ടൗൺ ഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ദുരന്തബാധിതർ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭൂമിയുടെ ഏറ്റവും അടുത്തുതന്നെ താമസിക്കണം എന്ന ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ മേപ്പാടിക്കടുത്തുള്ള കോട്ടപ്പടി വില്ലേജിലെ നെടുമ്പാല, കല്പറ്റ വില്ലേജിലുള്ള എൽസ്ട്രണ്‍ എസ്റ്റേറ്റുകള്‍ തെരഞ്ഞെടുക്കുകയും ഒക്ടോബർ മൂന്നിന് ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുക എന്ന ആശയം കേരള മന്ത്രിസഭ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. ജനുവരി ഒന്നിന് ചേർന്ന മന്ത്രിസഭ പുനരധിവാസത്തിന്റെ വിശദാംശങ്ങൾക്ക് അംഗീകാരം നൽകി. തൊട്ടടുത്ത ദിവസം മുതൽ ഫീൽഡ് സർവേ ആരംഭിച്ചു.
നെടുമ്പാല എസ്റ്റേറ്റിലെ 48.96 ഹെക്ടറും എൽസ്ട്രൺ എസ്റ്റേറ്റിലെ 58.50 ഹെക്ടറുമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം വഴി ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നത്. ഭൂമിവിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്ട്രൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയിൽ 10 സെന്റും നൽകാനാണ് ഉദ്ദേശിക്കുന്നത്. ടൗൺഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും. അപ്രകാരം പ്രിയപ്പെട്ടവരുടെ വിടവുണ്ടാക്കിയ കണ്ണീരുണങ്ങാത്ത ഒരു ജനതയെ, അടിസ്ഥാന ജീവനോപാധികൾക്കുവേണ്ടി തെരുവിലേക്ക് തള്ളിവിടാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രം വിഷയത്തിൽ കടുത്ത അവഗണന കാണിക്കുന്നത്. 

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രം അടിയന്തര സഹായങ്ങളെപ്പോലും രാഷ്ട്രീയവല്‍ക്കരിച്ച് ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളിലേക്ക് വൻ തുകകളാണ് അനുവദിക്കുന്നത്. കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ തങ്ങൾ അനുവദിച്ച 291.2 കോടി രൂപയടക്കം 782.99 കോടി ഉണ്ടാകണമെന്നും. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ അറിയിച്ചതനുസരിച്ച് 394.99 കോടി ഈ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും കേന്ദ്രസ‍ർക്കാർ അതിനിടെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. കൂടാതെ 214.68 കോടി കൂടി ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിക്കുന്ന അവകാശ വാദങ്ങൾ തീർത്തും വ്യാജം ആണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തുകയുണ്ടായി. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ ഉൾപ്പെടുത്തിയ അതിതീവ്ര ദുരന്ത പ്രഖ്യാപനമെന്ന ആവശ്യം ഇക്കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. കേരളം ആദ്യ ഘട്ടത്തിൽ ഓഗസ്റ്റ് 17ന് ദുരിതാശ്വാസ മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന്- അതിതീവ്ര ദുരന്തം (dis­as­ter of severe nature, അഥവാ L3) ആയി പ്രഖ്യാപിക്കുക. രണ്ട്- 1202.1 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതിനാൽ ദുരിതാശ്വാസത്തിനായി അടിയന്തര സഹായമായി 219 കോടി രൂപ നൽകുക. മൂന്ന് ‑ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷൻ 13 വിനിയോഗിച്ച് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക. രണ്ടാം ഘട്ടത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം നവംബർ 13ന് നല്‍കിയ റിപ്പോർട്ടിൽ പുനർ നിർമ്മാണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2,221 കോടി രൂപ വേണ്ടിവരും എന്ന് കണക്കാക്കുന്നതായും ഈ ആവശ്യം പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എന്‍ഡിആര്‍എഫ്) പുതിയ സ്കീം ആയ വീണ്ടെടുക്കലിനും പുനര്‍നിര്‍മ്മാണത്തിനുമായി പരമാവധി സഹായം നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ദുരന്തം ഉണ്ടായി ഒരു മാസത്തിനുള്ളിൽ തന്നെ കേരളത്തിന്റെ ആദ്യ ആവശ്യം സംബന്ധിച്ച് കേന്ദ്ര സംഘം പരിശോധിച്ച് അതിതീവ്ര ദുരന്തം എന്ന് കണ്ടെത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നല്‍കിയിരുന്നു. അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ട ഈ ശുപാർശ പക്ഷെ രണ്ട് മാസം വെളിച്ചം കണ്ടില്ല. രണ്ടുമാസം കഴിഞ്ഞ് ഡിസംബറില്‍ അയച്ച കത്തിലും ‘അതിതീവ്ര ദുരന്തം’ ആണോ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. നിരന്തര സമ്മർദത്തിന് ശേഷം അഞ്ച് മാസം കഴിഞ്ഞാണ് കേരളത്തിന്റെ പ്രാഥമിക ആവശ്യം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
ദുരന്തം ഉണ്ടായി രണ്ട് മാസത്തിനുള്ളിൽ ഈ അറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ യുഎൻ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയിൽ നിന്നും അധിക സാമൂഹിക സഹായം ലഭ്യമാക്കുവാൻ സാധിക്കുമായിരുന്നു. കേരളം കേന്ദ്രത്തോട് ഉന്നയിച്ചിട്ടുള്ള ഏറ്റവും പ്രധാന ആവശ്യം ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നതായിരുന്നു. 2005ല്‍ പാർലമെന്റ് പാസാക്കിയ ദുരന്തനിവാരണ നിയമത്തിൽ സെക്ഷൻ 13ലൂടെ ഇത്തരം ഒരു സാധ്യത ഉള്ളപ്പോഴും, കോർപറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളാൻ മടിയില്ലാത്ത കേന്ദ്ര സർക്കാർ, ദുരന്തബാധിതരുടെ കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് തീരുമാനം കൈകൊള്ളാനും വിമുഖത കാട്ടുന്നു. കേരളത്തിന് അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും സ്വീകരിക്കുന്നു. അതോടൊപ്പം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്ര സഹായം അട്ടിമറിക്കുന്നതിന് വേണ്ടിയും ജനകീയ സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 

ദുരന്തത്തിൽ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രതീക്ഷിത കണക്കുസഹിതം നൽകിയ നിവേദനത്തെ ചെലവഴിച്ച തുകയാക്കി പ്രചരിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ അതിജീവന ശ്രമങ്ങൾക്ക് തുരങ്കം സൃഷ്ടിച്ചവരാണിവർ. ദുരന്തബാധിതർക്ക് സഹായധനം അനുവദിക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം ലഭിക്കുക നാമമാത്ര തുകയായിരിക്കുമെന്ന വസ്തുത മുൻകൂട്ടിക്കണ്ട് തയ്യാറാക്കിയ എസ്റ്റിമേറ്റ് ഉയർത്തിപ്പിടിച്ചാണ് വിലകുറഞ്ഞ പ്രചാര വേലയുമായി രംഗത്തിറങ്ങിയത്. എസ്ഡിആർഎഫ് മാനദണ്ഡമനുസരിച്ച് 10 ഇനങ്ങളിലായി 214 കോടിയാണ് ചെലവെങ്കിൽ സംസ്ഥാനത്തിന്റെ പ്രതീക്ഷിത നഷ്ടം 524 കോടിയാണെന്നോർക്കണം. ഭവന നിർമ്മാണത്തിനായുള്ള കേന്ദ്ര തുക 1.2 ലക്ഷം മാത്രമാണെങ്കിൽ കേരളത്തിന്റെ കാഴ്ചപ്പാടിൽ നിർമ്മാണത്തിനൊരുങ്ങുന്ന വീടിന്റെ തുക 30 ലക്ഷമാണ്. സമാന രീതിയിൽ മറ്റു പല മേഖലകളിലും കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള തുകയുടെ അപര്യാപ്തത കണക്കിലെടുത്തു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തെയാണ് മനുഷ്യത്വരഹിത നടപടികളിലൂടെ വിമർശിക്കുന്നത്. ചൂരൽമല — മുണ്ടക്കൈ മേഖലയുടെ പുനർനിർമ്മാണത്തിന് 2,200 കോടിയിലേറെ ചെലവ് വരുമെന്ന വിദഗ്ധാഭിപ്രായം നിലനിൽക്കെ 219 കോടി മാത്രം ആവശ്യപ്പെടുന്നത് എസ്ഡിആർഎഫ് മാനദണ്ഡങ്ങളിലെ പോരായ്മ നിമിത്തമാണ്. കേന്ദ്രത്തിന്റെ കടുത്ത അവഗണനകൾക്കിടയിലും പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. കുത്തകകൾക്കും കോർപറേറ്റുകൾക്കും വൻതോതിൽ സബ്സിഡികളും നികുതി ഇളവുകളും നൽകുമ്പോൾ സാമാന്യ ജനജീവിതത്തെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളിലുള്ള കുറ്റകരമായ മൗനവും നിസംഗതയും ഇവിടെയും ആവർത്തിക്കുകയാണ് കേന്ദ്രം.
വയനാടിന്റെ പുനർനിർമ്മാണത്തിനുള്ള അടിയന്തര സഹായം ലഭ്യമാക്കാത്ത കേന്ദ്ര നയത്തിനെതിരെയും ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ കേരളത്തെ ഒറ്റുകൊടുക്കുന്ന പ്രതിപക്ഷ, മാധ്യമ നിലപാടുകൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നുവരിക തന്നെ വേണം. 

Exit mobile version