Site iconSite icon Janayugom Online

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി തേടും; സംസ്ഥാന സർക്കാർ

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 

‘വനം, വന്യജീവി സംരക്ഷണ നിയമത്തിലെ 11ബി പ്രകാരം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമാക്കിയതുപോലെ അക്രമകാരികളായ മറ്റ് വന്യജീവികളെയും വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സ്റ്റേറ്റിന് വേണമെന്നാണ് ഇന്നത്തെ യോഗത്തിന്റെ തീരുമാനത്തിന്റെ കാതല്‍. അതിലേക്ക് എത്തണമെങ്കില്‍ നിയമപരമായ കാര്യങ്ങള്‍ ഒക്കെ പരിശോധിക്കേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ കാര്യം മോണിറ്റര്‍ ചെയ്യുന്നതിന് വേണ്ടി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലുമായും മറ്റ് വിദഗ്ദന്‍മാരുമായും ആലോചന നടത്തി എത്രയും പെട്ടന്ന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനനുസരിച്ചുള്ള നടപടികള്‍ തുടങ്ങുന്നതിന് വകുപ്പ് മുന്നോട്ട് പോയിരിക്കുകയാണ്. ഇത് സാധിച്ചാല്‍ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രധാനപ്പെട്ട പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്’ എന്ന് വിഷയത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Exit mobile version