Site iconSite icon Janayugom Online

ഹെെവേ കൊള്ളയ്ക്ക് കേന്ദ്ര പദ്ധതി; ദേശീയപാതകളിലെ ടോള്‍ ഇനി ശാശ്വതം

ദേശീയപാതകളിലെ യാത്രികരെ കൊള്ളയടിക്കാനും ടോള്‍പിരിവ് ശാശ്വതമാക്കാനുമുള്ള കേന്ദ്രപദ്ധതി തയ്യാറായി. യൂസര്‍ഫീ എന്ന ഓമനപ്പേരിട്ടാവും ഇനി ടോള്‍ കൊള്ള. ദേശീയപാതകള്‍ക്ക് ചെലവായ തുക ടോള്‍ പിരിവിലൂടെ ഈടാക്കിക്കഴിഞ്ഞാല്‍ പിന്നീട് പിരിവ് നിര്‍ത്തലാക്കുകയാണ് പതിവ്. ഇനിമേല്‍ ചെലവായ തുക ഈടാക്കിക്കഴിഞ്ഞാലും പിരിവ് തുടരും. ടോള്‍പിരിവ് സ്ഥിരം സംവിധാനമാക്കാനാണ് പദ്ധതിയൊരുങ്ങുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയ വൃത്തങ്ങളില്‍ നിന്ന് അറിവായി. രാജ്യത്ത് 1063 ടോള്‍പ്ലാസകളാണുള്ളത്. 758 ടോള്‍പ്ലാസകളില്‍ നിന്നുമാത്രം ചുരുങ്ങിയ കാലയളവിനുള്ളില്‍ 2.4 ലക്ഷം കോടി രൂപയാണ് ഈടാക്കിയത്. 98 ശതമാനം ടോളും ഫാസ്റ്റ് ടാഗ് സംവിധാനമനുസരിച്ചായതിനാല്‍ കുടിശികയുമുണ്ടാകുന്നില്ല. ഡല്‍ഹി മുതല്‍ ചെന്നെെ വരെയുള്ള ദേശീയപാത 48ല്‍ നിന്നുമാത്രം ഇതുവരെ പിരിച്ചത് 24,490 കോടി രൂപ.

ടോള്‍ നല്കാതെ ഇനി രാജ്യത്ത് ഒരു ദേശീയപാതയിലൂടെയും വാഹനഗതാഗതം അനുവദിക്കില്ല. പാതയുടെ പദ്ധതിച്ചെലവ് പിരിഞ്ഞുകിട്ടിയാലും ടോള്‍ സംവിധാനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു മാത്രമല്ല പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിച്ചെലവ് പിരിഞ്ഞുകിട്ടിയെന്ന പേരില്‍ ഒരൊറ്റ ടോള്‍ ബൂത്തും അടയ്ക്കില്ലെന്ന് വകുപ്പുമന്ത്രി നിധിന്‍ ഗഡ്കരി ഇന്ന് രാജ്യസഭയെ അറിയിച്ചു. ദേശീയപാതാ യാത്രികരില്‍ നിന്നും ഈടാക്കുന്ന ടോളില്‍ 30 ശതമാനം വര്‍ധനവുണ്ടാക്കുമെന്നും മന്ത്രാലയം തയ്യാറാക്കിയ രൂപരേഖയില്‍ പറയുന്നു. 2008ലെ ദേശീയപാതാ ഫീസ് നിയമമനുസരിച്ചാണ് ടോള്‍ നിയമം പുതുക്കുന്നതെന്നും കേന്ദ്രം അവകാശപ്പെടുന്നു.

ദേശീയപാതകളില്‍ മാത്രമല്ല, പാലം, തുരങ്കം, ബെെപാസ് എന്നിവയും പിരിവ് പരിധിയില്‍ കൊണ്ടുവരും. പുതിയ പാതകളുടെ പണിപൂര്‍ത്തിയായ ശേഷം നിര്‍മ്മാണം സംബന്ധിച്ച വിശദാംശങ്ങള്‍ക്കൊപ്പം യൂസര്‍ഫീയും നിര്‍ണയിച്ച് ഗസറ്റ് വിജ്ഞാപനം നടത്തും. ടോള്‍നിരക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. ടോള്‍ പ്ലാസകളുടെ എണ്ണം മൂവായിരത്തോളമാക്കി വര്‍ധിപ്പിക്കാനും വിഭാവനം ചെയ്യുന്നു. ഭാരവാഹനങ്ങള്‍ക്കുള്ള ടോളില്‍ 30 ശതമാനം വര്‍ധനയുണ്ടാക്കുന്നത് സാധനവില വര്‍ധനവിനും വഴിതെളിക്കുമെന്ന ആശങ്കയുമുണ്ട്. കേരളത്തില്‍ നിലവില്‍ ആകെ 11 ടോള്‍പ്ലാസകളാണുള്ളത്. ഇത് 25 ആയി വര്‍ധിപ്പിക്കുമെന്നാണ് സൂചന. അതായത് കേരളത്തിലെ ഹെെവേക്കൊള്ള ഇരട്ടിയിലധികമാവുമെന്നര്‍ത്ഥം.

Exit mobile version