ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പോലും ഇടപെടാന്‍ അനുമതി നല്‍കുന്ന സിനിമാറ്റോഗ്രാഫി ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങുന്നതിന് തടയിടാനും കനത്ത ശിക്ഷ നല്‍കാനും ഉദ്ദേശിച്ചുള്ള ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന് ഈ മേഖലയില്‍ കൈകടത്താന്‍ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ഭരണഘടനാ 19 (2) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചുവടുപിടിച്ച് സിനിമാറ്റോഗ്രാഫി ബില്ലിലെ 5 ബി (1) വകുപ്പു പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. ഈ വ്യവസ്ഥ പ്രകാരം പൊതുതാല്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനത്തിന് മാറ്റമുണ്ടാകില്ല.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയ സിനിമ പുനഃപരിശോധിക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കാനുള്ള അധികാരവും ബില്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിനുണ്ട്. ബില്ലിലെ വകുപ്പ് 6 (1) പ്രകാരം 5 ബി (1) യുടെ ലംഘനമുണ്ടായെന്ന് സൂചന ലഭിക്കുന്നപക്ഷം കേന്ദ്ര സര്‍ക്കാരിന് സിബിഎഫ‌്സി തീരുമാനത്തിലും ഇടപെടാന്‍ അവസരം ലഭിക്കും. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലും വളഞ്ഞ വഴിയിലൂടെ ഇടപെടാനുള്ള അവസരമൊരുക്കുന്ന വകുപ്പുകളാണ് ബില്ലില്‍ ഉള്ളതെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന ആക്ഷേപം.
1952 ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി വരുത്തണമെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് 2019 ല്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കിയാല്‍ മൂന്നു വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷയോ ലഭിക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.