അഗ്നിപഥ് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച നാളെ നടത്തുന്ന പ്രതിഷേധത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പിന്തുണ. കേന്ദ്ര ട്രേഡ് യൂണിയനുകൾ, സ്വതന്ത്ര മേഖലാ ഫെഡറേഷനുകൾ, അസോസിയേഷനുകൾ എന്നിവയുടെ സംയുക്ത വേദി ഇന്ന് യോഗം ചേർന്നാണ് രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിപി എന്നീ കേന്ദ്ര സംഘടനകളും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും പിന്തുണ നല്കും.
‘അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം സ്വയമേവ ഉയർന്നുവന്ന യുവാക്കളുടെയും മറ്റ് ജനവിഭാഗങ്ങളുടെയും പ്രതിഷേധങ്ങളിൽ ആശങ്കയും രോഷവും പ്രതിഫലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കരാർ നിയമനങ്ങളിലൂടെ രാജ്യത്തെ സായുധ സേനകളിൽ പോലും തൊഴിൽനിലവാരം മോശമാക്കാനും താല്ക്കാലികമാക്കാനുമുള്ള പദ്ധതിയുടെ രൂപകല്പന സംശയാസ്പദമാണ്. പെൻഷൻ ആനുകൂല്യമോ വിരമിച്ചതിനു ശേഷമുള്ള മെഡിക്കൽ, മറ്റ് സാമൂഹിക സുരക്ഷയെക്കുറിച്ചോ വ്യക്തതയില്ല’- യൂണിയനുകളുടെ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നമ്മുടെ സൈനികരുടെ മനോവീര്യവും നിശ്ചയദാർഢ്യവും കെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും പോരാട്ടവീര്യത്തിനും ദോഷകരവും വിനാശകരവുമാണ് പദ്ധതിയെന്നും പ്രസ്താവനയിൽ പറഞ്ഞു.
അഗ്നിപഥ് പദ്ധതി കർഷകരോടും സൈനികരോടും ചെയ്യുന്ന അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംയുക്ത കിസാൻ മോർച്ച റിക്രൂട്ട്മെന്റ് സ്കീമിന്റെ രജിസ്ട്രേഷൻ ആരംഭിക്കുന്ന ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഹ്രസ്വകാല റിക്രൂട്ട്മെന്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന യുവാക്കളെ പിന്തുണയ്ക്കാൻ കർഷക യൂണിയനുകളും ട്രേഡ് യൂണിയനുകളും കൈകോർത്തതിനാൽ രാജ്യത്തിന്റെ മിക്കയിടങ്ങളിലും കടുത്ത പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.
English Summary:central trade unions joins samyuktha kisan morcha strike
You may also like this video