ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ റിപ്പോര്‍ട്ട്. 55ലധികം അഴിമതിക്കേസുകളില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 11 ക്രമക്കേടുകള്‍ കണ്ടെത്തിയത് റയില്‍വേ മന്ത്രാലയത്തിലാണെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ഐഡിബിഐ), ബാങ്ക് ഓഫ് ഇന്ത്യ, ഡല്‍ഹി ജല്‍ ബോര്‍ഡ് എന്നിവയില്‍ ഇത്തരത്തിലുള്ള നാലു വീതം കേസുകളാണ് കണ്ടെത്തിയത്. മഹാനന്ദി കോള്‍ഫീല്‍ഡ്സ് മൂന്ന് അഴിമതിക്കേസുകളില്‍ ജീവനക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിവിസിയുടെ 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു കേസുകള്‍ വീതം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്.
വ്യത്യസ്ത പദവികളിൽ ജോലി ചെയ്യുന്നതിനിടയിൽ, റയില്‍വേ മന്ത്രാലയത്തിലെ അന്നത്തെ ചീഫ് പേഴ്‌സണൽ ഓഫീസർ തന്റെ വരുമാന സ്രോതസിന് ആനുപാതികമല്ലാത്ത 138.65 ശതമാനം സ്വത്ത് സമ്പാദിച്ചതായി ഒരു കേസിനെക്കുറിച്ചുള്ള വിശദാംശത്തില്‍ സിവിസി പറയുന്നു.
അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്വത്തുക്കളെയും നിക്ഷേപങ്ങളെയും കുറിച്ചും കുടുംബാംഗങ്ങൾ സമ്മാനം സ്വീകരിക്കുന്നതിനെക്കുറിച്ചും മാനദണ്ഡങ്ങൾ അനുസരിച്ച് വകുപ്പിനെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. 2012 മാര്‍ച്ചില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഈ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ ഓഫീസറില്‍ നിന്ന് റയില്‍വേ സര്‍വീസ് (പെന്‍ഷന്‍) നിയമ പ്രകാരം വന്‍പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ട അതോറിറ്റിയായ റയില്‍വേ ബോര്‍ഡ് (മെമ്പര്‍ സ്റ്റാഫ്) കേസ് അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഉദ്യോഗസ്ഥനെതിരെയുള്ള നടപടികൾ ഉപേക്ഷിക്കുകയുമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എസ്ഐഡിബിഐ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Central Vigilance Commission Report: Corruption cases are piling up
You may like this video also